കൊടുങ്ങല്ലൂർ: ഇന്ത്യ- അമേരിക്ക സാംസ്​കാരിക വിനിമയത്തി​ന്റെ ഭാഗമായി ഇന്ത്യയിലെ സാംസ്​കാരിക സാമൂഹിക വൈവിധ്യങ്ങൾ പര്യവേഷണം ചെയ്യുകയെന്ന ലക്ഷ്യവുമായി വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന പതിനാറംഗ അമേരിക്കൻ സംഘം മുസിരിസിലെത്തി. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ നിന്നുളളവരാണിവർ. ഇന്ത്യയിലെ അഞ്ച്​ കേന്ദ്രങ്ങളിലാണ്​ സംഘം സന്ദർശിക്കുന്നത്​. കേരളത്തിൽ സംഘം തിരഞ്ഞെടുത്തത്​ മുസിരിസ്​ ഹെറിറ്റേജ്​ പ്രൊജക്​ടാണ്​. രണ്ട്​​ ദിവസമാണ്​ ഇവർ മുസിരിസിൽ ചെലവഴിക്കുന്നത്​. പാലിയം ​കോവിലകത്ത്​ ഇവർക്കായി തിരുവാതിരക്കളിയും പുളളുവൻ പാട്ടും ഒരുക്കിയിരുന്നു. മുസിരിസ്​ പ്രദേശങ്ങളായ പറവുർ ജുതപള്ളി, ചേന്ദമംഗലം സിനഗോഗ്​, കോട്ടപ്പുറം ആംഫി തിയ്യേററർ, കായലോരം തുടങ്ങിയ സ്​ഥലങ്ങൾ അദ്ധ്യാപക സംഘം സന്ദർശിച്ചു. കോട്ടപ്പുറം ആംഫി തിയ്യേറ്ററിൽ കൊടുങ്ങല്ലുർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, മുസിരിസ്​ പ്രൊജക്ട്​​​ എം.ഡി. പി.എം. നൗഷാദ്​, കൗൺൺസിലർ വി.എം. ജോണി എന്നിവർ ചേർന്ന്​ ഇവരെ സ്വീകരിച്ചു. ചരിത്രകാരൻ കേശവൻ വെളുത്താട്ട്​ മുസിരിസിനെകുറിച്ചും, സ്​പൈ​സസ്​ റൂട്ടിനെ സംബന്ധിച്ചും ക്ലാസെടുത്തു. പൊയ്യയിലെ കി​ഡ്​സ്​ ഹാന്റിക്രാഫ്​റ്റ് സെന്ററും സംഘം സന്ദർശിച്ചു. വിഭവ സമൃദമായ കേരളീയ സദ്യനൽകി സംഘത്തെ സൽക്കരിക്കുകയും സമ്മാനമായി ചേക്കുട്ടി പാവ നൽകുകയും ചെയ്തു. സന്ദർശനത്തി​ന്റെ ഓർമ്മക്കായി കോട്ടപ്പുറത്ത്​ ഇവർ വൃക്ഷതൈ നട്ടു.