ചേർപ്പ്: തൃശൂർ നഗരത്തിന്രെ പരിസരങ്ങളിൽ 2017 ഒക്ടോബർ ആദ്യവാരം വ്യാപകമായിരുന്ന ആഫ്രിക്കൻ ഒച്ച് ചേർപ്പ് മേഖലയിൽ വീണ്ടും ഭീഷണി ഉയർത്തുന്നു. ഈസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് രോഗമുണ്ടാക്കുന്ന ആൻജിയോ സ്‌ട്രോഞ്ചൈലിസ് എന്ന രോഗാണു വാഹകരായ ഒച്ചുകൾ, പാറളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിരവധി വീടുകളിലും പരിസരങ്ങളിലുമാണ് കണ്ടെത്തിയത്.
മഴ തുടങ്ങിയശേഷം രണ്ടാഴ്ച മുൻപാണ് ആദ്യം കണ്ടത്. പിന്നീട് വ്യാപിക്കാൻ തുടങ്ങി. തെങ്ങിലും പച്ചക്കറിത്തോട്ടങ്ങളിലുമാണ് കൂടുതലുള്ളത്. ഇലകളും ഫലങ്ങളും തിന്ന് നശിപ്പിക്കുന്നുമുണ്ട്. വീടിന്റെ മതിലുകളിലും വ്യാപകമായുണ്ട്. ജനപ്രതിനിധികളെ വിവരം അറിയിച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതിവേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന ഭയത്തിലാണ് ജനങ്ങൾ. ജാതിക്കായ തുരന്ന് ജാതിപത്രിയും ഉയരം കുറഞ്ഞ തെങ്ങുകളിലെ ഇളം കരിക്കുകളും തിന്ന് നശിപ്പിക്കുകയാണ്. ഇവയുടെ ദുർഗന്ധമുള്ള കാഷ്ഠവും സ്രവവും കുടിവെള്ളത്തെയും മലിനമാക്കുന്നുണ്ട്. ഒച്ചുകളെ പിടികൂടി ബക്കറ്റിൽ നിറച്ച് ഉപ്പ് വിതറി നശിപ്പിച്ചശേഷം കുഴിച്ചുമൂടുകയാണ് നാട്ടുകാർ ചെയ്യുന്നത്.
കാരണം സെപ്ടിക് മാലിന്യം ?
പ്രളയത്തിനു ശേഷം ഈ മേഖലയിൽ ഒച്ചുകളെ കണ്ടെത്തിയിരുന്നു. എന്നാൽ വീണ്ടും പെട്ടെന്ന് വ്യാപിക്കാൻ കാരണം സെപ്ടിക് ടാങ്കുകളിലെയും ഹോട്ടലുകളിലെയും മാലിന്യം കോടന്നൂർ, ശാസ്താംകടവ് പാടങ്ങളിൽ രാത്രിയിൽ തള്ളുന്നതാണെന്നാണ് കരുതുന്നത്.
പഴോര് അപ്പുകുട്ടൻ, കോടന്നൂർ കോൾ ഫാമിംഗ് സഹസംഘം പ്രസിഡന്റ്, കർഷകൻ.
ശ്രദ്ധിക്കാൻ
$ അധിനിവേശജീവിയായ ആഫ്രിക്കൻ ഒച്ചിനെ വളരാൻ അനുവദിക്കരുത്. മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകരുത്.
$ വാഴ, ഇഞ്ചി, മഞ്ഞൾ, പപ്പായ, മരച്ചീനി, ചേന, തെങ്ങ്, കവുങ്ങ്, അലങ്കാരച്ചെടികൾ എന്നിവ നശിപ്പിക്കും.
$ പത്തുദിവസത്തിനുള്ളിൽ ഇവയുടെ മുട്ടകൾ വിരിയും.
$ ഒരു ജീവി അഞ്ചോ ആറോ തവണ 1200 ലേറെ മുട്ടകളിടും. അങ്ങനെ ക്രമാതീതമായി വർദ്ധിക്കും.
$ ഉപ്പ് മാത്രം പ്രയോഗിച്ചാൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വരും. തോടുകളിൽ വീണ്ടും മറ്റ് ഒച്ചുകൾ മുട്ടയിട്ട് പെരുകും.
ജൈവകെണിയിൽ വീഴ്ത്താം
ജൈവ അവശിഷ്ടങ്ങൾ പറമ്പിൽ കൂട്ടിയിടുന്നത് ഒഴിവാക്കണം. കാബേജ് ഇലകൾ, തക്കാളി, പപ്പായ ഇലകൾ എന്നിവ കൂട്ടിയിട്ടാൽ ആഫ്രിക്കൻ ഒച്ചുകൾ ആകർഷിക്കപ്പെടും. അങ്ങനെ കൂട്ടമായി ഇവയെ ശേഖരിച്ച് ഉപ്പോ മണ്ണെണ്ണയോ ഇട്ട് നശിപ്പിച്ച് കുഴിച്ചുമൂടാം. കൈകൊണ്ട് തൊടാതിരിക്കാൻ ശ്രദ്ധക്കണം.
-ഡോ.മ ധു സുബ്രഹ്മണ്യൻ, എൻ്റമോളജി വിഭാഗം, കേരള കാർഷികസർവകലാശാല
മറ്റ് പ്രതിരോധമാർഗങ്ങൾ
$ തുരിശ്- പുകയില ലായനി ഉപയോഗിച്ച് നശിപ്പിക്കണം.
$ വീടും പരിസരവും ശുചീകരിക്കണം, മാലിന്യം നീക്കണം.
$ പച്ചക്കറികളിൽ ഇവയുടെ സ്രവം വീണിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുത്.
$പച്ചക്കറികളിലെ പരാദവിരകളാണ് മനുഷ്യശരീരത്തിൽ മെനിഞ്‌ജൈറ്റിസിന് കാരണമാകുന്നത്.