തൃപ്രയാർ: രാമമന്ത്ര ധ്വനികളാൽ മുഖരിതമായ രാമായണ മാസാചരണത്തിന് തൃപ്രയാറിൽ നാലമ്പല തീർത്ഥാടനത്തോടെ ഭക്തിനിർഭര തുടക്കം.
ഇനി ഒരു മാസം രാമനാമങ്ങളിൽ മുങ്ങും ക്ഷേത്രപരിസരം. ചുറ്റുവിളക്കും നിറമാലയും നടക്കും. ശ്രീരാമനെ തൊഴുത് തുടങ്ങി തീർത്ഥയാത്ര ശ്രീരാമനിൽ തൊഴുത് തന്നെയവസാനിക്കും.
ആദ്യദിനത്തിൽ ക്ഷേത്രത്തിനകത്ത് സമ്പൂർണ്ണ നെയ് വിളക്ക് തെളിഞ്ഞു. ചന്ദ്രഗ്രഹണം മൂലം പുലർച്ചെ അഞ്ചിന് നട തുറന്നെങ്കിലും അഞ്ചരയ്ക്ക് ശേഷമാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടത്. ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെട്ടു. മതിൽക്കെട്ടിനകത്ത് വരിയിൽ നിന്നും തന്നെ വഴിപാട് ശീട്ടാക്കാൻ ഭക്തർക്ക് സൗകര്യമേർപ്പെടുത്തിയിരുന്നു. പ്രത്യേക കൗണ്ടറും തുറന്നിരുന്നു.
വരി നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും കുടിവെള്ളവും വിതരണം ചെയ്തു. ക്ഷേത്രത്തിന് പുറത്തും ഭക്തർക്ക് വരി നില്ക്കാൻ പന്തലിട്ട് മാറ്റി. പാട്ടപ്രവൃത്തി ഓഫീസ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കി. ഇവിടെയും ക്ഷേത്രത്തിന് തെക്കേ നടയിലും ഇ- ടോയ്‌ലറ്റ് സൗകര്യമുണ്ട്. മതിൽക്കെട്ടിനകത്ത് ക്ഷേത്രദർശനം ആദ്ധ്യാത്മിക പുസ്തകശാല തുറന്നിട്ടുണ്ട്. രാവിലെ 10.30 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ആരംഭിച്ച പ്രസാദ ഊട്ടിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. കല്യാൺ ഗ്രൂപ്പിന്റെ വകയായിരുന്നു അന്നദാനം. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് എം.ബി മോഹനൻ, അംഗങ്ങളായ ശിവരാജൻ, പ്രൊഫ മധു, ദേവസ്വം സെക്രട്ടറി വി.എ ഷീജ, ഡെപ്യൂട്ടി കമ്മിഷണർ രാജേന്ദ്രപ്രസാദ്, ദേവസ്വം മാനേജർ കെ. ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.