മാള: മാളയിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഭയക്കേണ്ടതില്ല, എന്നാൽ ക്വാർട്ടേഴ്സ് പരിസരത്തേക്ക് നോക്കാൻ പോലും നാട്ടുകാർക്ക് ഭയമാണ്. പൊലീസിനെ ഭയന്നിട്ടല്ല, മറിച്ച് കാടുകയറിയ സ്ഥലം ഭീതി നിറഞ്ഞ ഇടമായി മാറുന്നു. ഉഗ്രവിഷമുള്ള പാമ്പുകൾ മുതൽ മരപ്പട്ടി അടക്കമുള്ള ജീവികളാണ് ഇവിടത്തെ സ്ഥിര താമസക്കാർ.
കാടിനിടയിലുള്ള ഒരു ഫ്‌ളാറ്റിലാണ് മാള സി.ഐയുടെയും എസ്.ഐയുടെയും താമസം. 1975 കാലഘട്ടത്തിൽ കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പൊലീസ് ക്വാർട്ടേഴ്‌സ് നിർമ്മിച്ചത്. ഒന്നര ഏക്കർ സ്ഥലം വാങ്ങിയാണ് നാല് വീടുകൾ നിർമ്മിച്ചത്. പിന്നീട് വാസയോഗ്യമല്ലാതായപ്പോൾ ഒരെണ്ണം പൊളിച്ചുനീക്കി പുതിയ ഫ്‌ളാറ്റ് നിർമ്മിക്കുകയായിരുന്നു. ഇരുനിലകളിലായുള്ള ഫ്‌ളാറ്റിലാണ് സി.ഐയും എസ്.ഐയും താമസിക്കുന്നത്.
കാടുകയറി കിടക്കുന്ന മറ്റു വീടുകൾക്ക് നടുവിലാണ് ഈ ഫ്‌ളാറ്റ്. ചുറ്റുമുള്ള വീടുകൾക്ക് മുകളിൽ മരങ്ങൾ വളർന്നുനിൽക്കുന്നു. സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകയും കിടക്കുന്നുണ്ട്. കാട് കയറിയ ക്വാർട്ടേഴ്‌സ് സ്ഥലത്ത് നിന്നുള്ള പാമ്പും മരപ്പട്ടിയും അടക്കമുള്ള ജീവികൾ ശല്യമായതായും നിരവധിതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അയൽവാസിയായ ഒ.എൻ. കുട്ടൻ പറഞ്ഞു.
മാള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ദൂര സ്ഥലങ്ങളിലുള്ള നിരവധി പേരാണ് താമസസ്ഥലം ഇല്ലാതെ വിഷമിക്കുന്നത്. തകർന്നുവീഴാറായ അവശേഷിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കി മികച്ച രീതിയിലുള്ള ഫ്‌ളാറ്റുകൾ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കാൻ ആധുനിക രീതിയിലുള്ള പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
പൊലീസിന് മാനക്കേട് ഉണ്ടാക്കുന്ന നിലയിലാണ് കാടും മാലിന്യവും നിറഞ്ഞ് വാസസ്ഥലം കിടക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് സർക്കാർ ആശുപത്രിക്കിടയിൽ പ്രധാന റോഡിലാണ് കാടുകയറിയ സ്ഥലത്ത് തകർന്നുകിടക്കുന്ന കെട്ടിടങ്ങളുള്ളത്. ഈ സ്ഥലത്തിന് ചുറ്റും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നുണ്ട്. ഈ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും പേടിസ്വപ്നമായി പൊലീസ് ക്വാർട്ടേഴ്‌സ് മാറിയിരിക്കുകയാണ്.