ajayan
അജയൻ മാളയിൽ ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കുന്നു

മാള: രാമായണ മാസാചരണത്തിന്റെ ഭാഗമായി നാലമ്പല ദർശനത്തിന് പോകുന്നവർക്ക് അജയന്റെ വഴികാട്ടികൾ. മാളയുടെ വിവിധ ഭാഗങ്ങളിലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ പൂപ്പത്തി പറകുളത്ത് അജയൻ ദിശാസൂചനാ ബോർഡുകൾ സ്ഥാപിച്ചത്. സ്വന്തം നിലയിൽ ബോർഡ് വാങ്ങി പെയിന്റ് ഉപയോഗിച്ചാണ് അജയൻ ബോർഡ് എഴുതി വച്ചത്. മാളയിൽ പത്തോളം ബോർഡുകളാണ് സ്വന്തം ചെലവിൽ സ്ഥാപിച്ചിരിക്കുന്നത്.

നാലമ്പല ദർശനത്തിന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കൃത്യമായ സൂചന നൽകുന്ന ബോർഡുകളാണ് അജയൻ തയ്യാറാക്കി സ്ഥാപിച്ചിരിക്കുന്നത്. നാലമ്പല ദർശനത്തിന് വരുന്ന വാഹനങ്ങൾ മാളയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പതിവാണ്. കൃത്യമായ ഒരു ദിശയിൽ മാത്രം വാഹനങ്ങൾ കടത്തിവിടാത്തതിനാൽ പലപ്പോഴും വലിയ ഗതാഗത കുരുക്ക് ഉണ്ടാകും.

മാള ടൗൺ സൗന്ദര്യവത്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായി പോസ്റ്റ് ഓഫീസ് റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞിരിക്കുന്നതിനാൽ ഇത്തവണ യാത്രാക്ലേശം ശ്രദ്ധിച്ചില്ലെങ്കിൽ രൂക്ഷമാകും. അഷ്ടമിച്ചിറയിൽ നിന്ന് വൈന്തല- അന്നമനട വഴി മൂഴിക്കുളത്തേക്ക് എത്താവുന്ന ഗതാഗതക്കുരുക്ക് കുറഞ്ഞ യാത്രയും സ്വീകരിക്കാവുന്നതാണ്.