ചെറുതുരുത്തി: ചീരക്കുഴി ഡാമിൽ നിന്നും കർഷകർക്ക് ജലസേചനത്തിന് സൗകര്യമൊരുക്കാനായി വർഷങ്ങൾക്കു മുൻപ് പണിത ചീരക്കുഴി കനാൽ നാശത്തിന്റെ വക്കിൽ. കനാലിന്റെ പല ഭാഗങ്ങളിലും വശങ്ങൾ കല്ലുകെട്ടിയോ കോൺക്രീറ്റ് ചെയ്തോ സംരക്ഷിക്കാത്തതിനാൽ ഇടിഞ്ഞ് വലിയ ഭീതി പരത്തുന്ന അവസ്ഥയിലാണ്. ഇതിന്റെ വശങ്ങളിലാകട്ടെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വശങ്ങൾ ഇടിഞ്ഞു തുടങ്ങിയതോടെ ഭീതിയിലാണ് ഈ കുടുംബങ്ങളത്രയും.

പല ഭാഗങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൊണ്ടു നിറഞ്ഞു കഴിഞ്ഞു. കനാലിന്റെ ചെറുതുരുത്തി ഹൈസ്‌കൂൾ ഭാഗം, നെടുമ്പുര, പള്ളിക്കൽ, പള്ളം, ദേശമംഗലം പഞ്ചായത്തിലുൾപ്പെട്ട ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ കൂടുതലായും ഉണ്ടായിട്ടുള്ളത്. ഓരോ മഴക്കാലമെത്തുമ്പോഴും വശങ്ങളിലെ താമസക്കാരുടെ ഭീതി വർദ്ധിച്ചു വരികയാണ്. നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. ചില ഭാഗങ്ങളിൽ വലിയ താഴ്ചയാണ് കനാലിനുള്ളത്. ഇത്തരം താഴ്ച കൂടിയ ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ കൂടുതലായുമുള്ളത്. കോൺക്രീറ്റ് കെട്ടുള്ളതാകട്ടെ താഴ്ച കുറഞ്ഞ ഭാഗങ്ങളിലും. വർഷം തോറും കനാൽ പൂർണ്ണമായി വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോഴത് ചടങ്ങു മാത്രമായി ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമൊതുങ്ങുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇറിഗേഷൻ വകുപ്പാകട്ടെ ഇത്തരം കാര്യങ്ങൾ പൂർണ്ണമായി വിസ്മരിച്ച മട്ടാണ്. ഇരുവശങ്ങളും കെട്ടി കനാലിനെ സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ ആശങ്കയകറ്റി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ജനകീയാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവയെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുന്ന വിലാപം മാത്രമായി മാറുകയാണ്.

..................................

ഭീതിയിൽ ഇരുകരകളിലുമുള്ളവർ

കനാലിന്റെ പല ഭാഗങ്ങളിലും കല്ലുകെട്ടുകയോ കോൺക്രീറ്റോ ചെയ്തിട്ടില്ല

കനാലിന്റെ വശങ്ങളിൽ താമസിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾ

വശങ്ങൾ ഇടിഞ്ഞു തുടങ്ങിയതോടെ കുടുംബങ്ങൾ ഭീതിയിൽ

കനാൽ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു

കനാൽ വൃത്തിയാക്കുന്നത് ചടങ്ങ് മാത്രമായി

മണ്ണിടിഞ്ഞ്...

ചെറുതുരുത്തി ഹൈസ്‌കൂൾ ഭാഗം, നെടുമ്പുര, പള്ളിക്കൽ, പള്ളം, ദേശമംഗലം പഞ്ചായത്തിലുൾപ്പെട്ട ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ കൂടുതലുള്ളത്