തൃശൂർ: ജനകീയ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ പൊതുചർച്ച അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കൗൺസിൽ സ്തംഭിപ്പിച്ചു. ബി.ജെ.പി അംഗങ്ങളാണ് പൊതുചർച്ച വേണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. ബഹളം നീണ്ടതോടെ ഉച്ചഭക്ഷണത്തിന് ശേഷം ഒരുമണിക്കൂർ ചർച്ച അനുവദിക്കാമെന്ന് മേയർ അജിത വിജയന്റെ ഉറപ്പിനെ തുടർന്ന് ബി.ജെ.പി സമരം പിൻവലിച്ചു. പൊതുചർച്ച അനുവദിക്കണമെന്ന കഴിഞ്ഞ മൂന്നര വർഷമായി കോൺഗ്രസ്- ബി.ജെ.പി പ്രതിപക്ഷം കൗൺസിലിൽ ആവശ്യമുന്നയിച്ചുവരികയായിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല.
അജണ്ട ചർച്ചക്ക് ശേഷമെ പൊതുചർച്ച അനുവദിക്കാനാകൂ എന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. യോഗത്തിന്റെ തുടക്കത്തിൽ കോൺഗ്രസ് ഉപനേതാവ് ജോൺ ഡാനിയേൽ, തകർന്നുകിടക്കുന്ന റോഡുകളുടെ പ്രശ്‌നം, തേക്കിൻകാട്ടിലെ കുടുംബശ്രീക്കാർക്ക് കൂലി നൽകാതെ ദ്രോഹിക്കുന്നുവെന്ന പ്രശ്‌നം, ജനറൽ ആശുപത്രിയിൽ രോഗിക്ക് ആംബുലൻസ് അനുവദിക്കാത്ത പ്രശ്‌നം എന്നിവ ഉന്നയിച്ചു. പൊതു പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ബി.ജെ.പി നേതാവ് എം.എസ്. സമ്പൂർണ്ണ എഴുന്നേറ്റപ്പോൾ അതനുവദിക്കാതെ മേയർ അജണ്ട ചർച്ച ആരംഭിച്ചു. തുടർന്ന് ബി.ജെ.പി. കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മേയർക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ജനങ്ങളെ ഭയന്നുള്ള ഒളിച്ചോട്ടമാണ് പൊതുചർച്ച അനുവദിക്കാത്തതെന്ന് എം.എസ്. സമ്പൂർണ്ണ പറഞ്ഞു. മേയർ ജനാധിപത്യ ധ്വംസനമാണ് നടത്തുന്നതെന്നും കെ.മഹേഷും ആരോപിച്ചു.
ഉച്ച ഭക്ഷണത്തിന് ശേഷം ഒരുമണിക്കൂർ പൊതുചർച്ച അനുവദിക്കാമെന്ന മേയറുടെ ഉറപ്പിൽ ബി.ജെ.പി സമരം നിറുത്തി. പൊതുചർച്ച അനുവദിക്കണമെന്ന് ആവശ്യം കോൺഗ്രസിലെ അഡ്വ.സുബി ബാബുവും ഉന്നയിച്ചു. ഉച്ചയ്ക്ക് ശേഷം പൊതു ചർച്ചയ്ക്ക് അവസരം നൽകി.

എല്ലാ വീട്ടിലും വാട്ടർ കണക്‌ഷൻ
തൃശൂർ: കോർപറേഷൻ പരിധിയിലെ എല്ലാ വീട്ടിലും വാട്ടർ കണക്‌ഷൻ എന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒല്ലൂർ മേഖലാപരിധിയിലും കൂർക്കഞ്ചേരി മേഖലാ പരിധിയിലെ കുടിവെള്ളം ലഭ്യമാകാത്ത കുടുംബത്തിനും പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം നൽകുന്നതിനുള്ള പദ്ധതികൾ ഊർജിതപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ജാഗ്രതാസമിതിയുടെയും ഹരിതകർമ്മസേനയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായി മേയർ യോഗത്തെ അറിയിച്ചു.