varuthunny
വറുണ്ണിയപ്പൂപ്പൻ വാലുങ്ങാമുറിയിലെ വീട്ടിൽ

ചാലക്കുടി: ഇന്ന് കർക്കടകം ഒന്ന്, വാലുങ്ങാമുറിയിലെ വറുതുണ്ണി അപ്പൂപ്പന് 107 വയസ് തികയുന്ന ദിവസം. സെഞ്ച്വറിയും കടന്ന് ഏഴാണ്ടിലെത്തുമ്പോൾ നാട്ടുകാരുടെ പ്രിയ മുത്തച്ഛൻ തികച്ചും അവശനിലയിൽ. പരസഹായമില്ലാതെ നടക്കാനാകുന്നില്ല. അഞ്ചാറ് മാസമായി ഈ അവസ്ഥ തുടരുന്നു.

കഴിഞ്ഞ പ്രളയം വരെ കാൽക്കുടയും കുത്തിപ്പിടിച്ച് പള്ളിയിലേക്കുള്ള കണ്ടംകുളത്തി വറുതുണ്ണിയുടെ പോക്കും വരവും നാട്ടുകാർക്ക് നിത്യകാഴ്ചയായിരുന്നു. കണ്ണടയില്ലാതെ പത്രം വായന, കേൾവിയിലെ സൂക്ഷ്മത. ഇതൊക്കെ അപ്പൂപ്പനിലേക്ക് നാട്ടുകാരെ ആകൃഷ്ടരാക്കി. ജീവിത ശൈലി രോഗങ്ങൾ ഇദ്ദേഹത്തെ ഭയന്ന് മാറിനിന്നു. എല്ലാവിധ ഭക്ഷണവും ഇഷ്ടപ്പെട്ടു.

നാലര ക്ലാസിൽ പഠനം പൂർത്തിയാക്കിയ വറുതുണ്ണി പിന്നീട് കൃഷിയിടത്തിലേക്കാണ് എത്തിയത്. പിതാവിനൊപ്പം ഇഞ്ചിപ്പുൽ കൃഷിയായിരുന്നു മുഖ്യ തൊഴിൽ. വാറ്റിയെടുത്ത ഇഞ്ചിപ്പുൽ തൈലം കാൽനടയായി വിൽപ്പന നടത്തിയ കാലം കാരണവർ ഓർത്തെടുക്കാറുണ്ട്. രണ്ടു മഹാപ്രളയം അടക്കം മൂന്നു കനത്ത വെള്ളപ്പൊക്കങ്ങളെ മറികടന്നാണ് അപ്പൂപ്പന്റെ ജാതകം ഇതുവരെ എത്തിയത്.

99ലെ പ്രളയത്തിൽ വറുതുണ്ണി ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 1962 വെള്ളപ്പൊക്കത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ പറയും. എന്നാൽ ഇത്തവണത്തെ പ്രളയം അദ്ദേഹത്തിന് കേട്ടറിവ് മാത്രമായി. ഇളയ മകൻ വർഗീസിന്റെ കൂടെ താമസം. ഈ ഭാഗത്തൊന്നും വെള്ളമെത്തിയില്ല. മൂത്തമകൾ മേരിയിലൂടെ അഞ്ചു തലമുറയുടെ അധിപനെന്ന ബഹുമതിയുമുണ്ട്. കൊല്ലവർഷമാണ് അപ്പൂപ്പൻ തന്റെ വയസ് കൃത്യതയ്ക്കായി ഓർത്തു വയ്ക്കുന്നത്. അങ്ങനെ 1194 കർക്കടകം ഒന്നിന് നൂറ്റിയേഴിലെത്തും വറുതുണ്ണി അപ്പൂപ്പൻ.