തൃശൂർ: ഇന്ന് കർക്കടകം ഒന്ന്, പുണ്യം നിറയുന്ന രാമായണ മാസാചരണത്തിന് തുടക്കം. ക്ഷേത്രങ്ങളിലും വീടുകളിലും ഇനി മുതൽ ഒരുമാസം രാമായണ ശീലുകൾ നിറയും. നാലമ്പല തീർത്ഥാടനത്തിനും ഇന്ന് നടതുറക്കും. ഇന്നലെ രാത്രി മുതൽ ചന്ദ്രഗ്രഹണമായതിനാൽ ഇന്ന് ക്ഷേത്രങ്ങളിൽ ശുദ്ധിക്രിയകൾക്ക് ശേഷമേ നടതുറക്കുകയുള്ളു.

വടക്കുംനാഥനിൽ ഇന്ന് നടക്കേണ്ട ആനയൂട്ട് 21 ലേക്ക് മാറ്റി. അന്നേ ദിവസം രാവിലെ അഞ്ചിന് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാഗണപതി ഹോമം നടക്കും. 10008 നാളികേരം, 2500 കിലോ ശർക്കര, 2500 കിലോ അവിൽ, 300 കിലോ മലർ, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതി നാരങ്ങ എന്നി ദ്രവ്യങ്ങളാണ് ഗണപതി ഹോമത്തിന് ഉപയോഗിക്കുന്നത്.

ഒമ്പതിന് നടക്കുന്ന ആനയൂട്ടിന് 70 ആനകൾ പങ്കെടുക്കും. മേൽശാന്തി അണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനയ്ക്ക് ആദ്യ ഉരുള നൽകി ഉദ്ഘാടനം ചെയ്യും. ആനയൂട്ടിന് ശേഷം അന്നദാന മണ്ഡപത്തിൽ 5000 പേർക്ക് അന്നദാനവും നടക്കും.