ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടകർക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ നാലമ്പല സ്‌പെഷ്യൽ ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കർക്കടക മാസത്തിൽ ദിവസവും രാവിലെ ആറിനും 6.30നും കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നുമാണ് സർവീസുകൾ. 106 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 രൂപ നൽകി യാത്ര ചെയ്യുന്നതിന്റെ തലേദിവസവും അന്ന് രാവിലെയും സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓഫീസിൽ നേരിട്ട് ചെന്ന് സീറ്റ് റിസർവ് ചെയ്യാം. ഇത് കൂടാതെ കെ.എസ്.ആർ.ടി.സിയിൽ വരുന്ന ഭക്തർക്ക് ക്ഷേത്രങ്ങളിൽ ക്യൂ കൂടാതെ ദർശനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷനായി. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, കെ.ജി. സുരേഷ്, എ.വി. ഷൈൻ, കെ.കെ. പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എ.എം. സുമ, ക്ഷേത്രം ജീവനക്കാർ, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ ഇൻ ചാർജ് ഇ.എസ്. ശ്രീനിവാസൻ, വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.കെ. ഷാജി , ഡ്രൈവർ സുരേഷ് പി.ബി, കെ.എസ്.ആർ.ടി.സി സംഘടനാ പ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.