ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ്ജ് ഏർപ്പെടുത്താൻ മാനേജ്‌മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഇരുചക്രവാഹനങ്ങൾക്ക് അഞ്ചും മുച്ചക്രവാഹനങ്ങൾക്ക് പത്തും കാറുകൾക്ക് പതിനഞ്ചും രൂപ വീതം ഏർപ്പെടുത്താനാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഒ.പി ടിക്കറ്റിന്റെ നിരക്ക് അഞ്ചിൽ നിന്ന് പത്തു രൂപയാക്കി ഉയർത്തും. ഡയാലിസിസിന്റെ നിരക്കും ഉയർത്തി. എഴുന്നൂറ് എന്നുള്ളത് ഇനിമുതൽ തൊള്ളായിരം രൂപയായിരിക്കും. എന്നാൽ ഈ തുക തദ്ദേശ സ്ഥാപനങ്ങൾ അടക്കുന്നതിനാൽ വർദ്ധന രോഗികളെ നേരിട്ട് ബാധിക്കില്ല. സി.ടി. സ്‌കാൻ പ്രവർത്തന ക്ഷമമാകുമ്പോൾ 1200 രൂപ ഈടാക്കാനും തീരുമാനമായി. പുതിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജി സദാനന്ദൻ, ഗീത സാബു, കൗൺസിലർമാരായ ഷിബു വാലപ്പൻ, വി.ജെ. ജോജി, ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ്, പി.എ. സുഭാഷ് ചന്ദ്രദാസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.