വടക്കാഞ്ചേരി: ഓട്ടുപാറ മാർക്കറ്റിനോട് ചേർന്ന് പണി കഴിപ്പിച്ച ആധുനിക മത്സ്യ മാർക്കറ്റ് അടഞ്ഞുതന്നെ. നാലുവർഷം മുൻപ് സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് ഒന്നര കോടി രൂപയോളം ചെലവഴിച്ച് മത്സ്യമാർക്കറ്റ് നിർമ്മിച്ചത്. ആഘോഷാരവ നിറവിൽ അന്നത്തെ ഫിഷറീസ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചെങ്കിലും മത്സ്യമാർക്കറ്റ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
സമീപത്തെ ഏറ്റവും ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ് വടക്കാഞ്ചേരിക്കു സ്വന്തമായതാണ്. എന്നാൽ പിന്നീട് മാറ്റങ്ങളൊരു പാടുണ്ടായി. വടക്കാഞ്ചേരി പഞ്ചായത്തിൽ നിന്നും നഗരസഭയിലേക്കുയർന്നു. പക്ഷെ മത്സ്യ മാർക്കറ്റിനു മാത്രം മാറ്റമുണ്ടായില്ല. അടച്ചിട്ട മുറികളുടെ പൂട്ടുകൾ ഒരിക്കൽ പോലും തുറക്കേണ്ടി വന്നില്ല. ഒരു ദിവസം പോലും പ്രവർത്തിക്കാനുമായില്ല. മത്സ്യ വില്പന ഇപ്പോഴും പാതയോരങ്ങളിൽ തന്നെ തുടരുന്നു. സാമൂഹിക വിരുദ്ധർക്കു മാത്രമാണ് ഈ കെട്ടിടം പ്രയോജനപ്പെട്ടത്.
2015 സെപ്തംബർ 25 നായിരുന്നു ഉദ്ഘാടനം. ഓരോദിനം പിന്നിടുമ്പോഴും തകർച്ചയുടെ വക്കിലേക്ക് കൂപ്പുകുത്തുകയാണ് ഈ ആധുനിക കെട്ടിടം. പുലർച്ചെ മേഖലയിലെ മത്സ്യ കച്ചവടക്കാർ അൽപനേരം മാത്രം ഉപയോഗിക്കുന്ന മാർക്കറ്റ് തുടർന്നുള്ള സമയങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായും, തെരുവ് നായ്ക്കളുടെ വിഹാര സ്ഥലവുമായും മാറും. നഗരസഭ അധികാരമേറ്റ് വർഷങ്ങൾ കഴിഞ്ഞെങ്കിലും മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളൊന്നും ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാവാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
................................
നശിക്കുന്നത് ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യമാർക്കറ്റ്
നാഷ്ണൽ ഫിഷറീസ് ഡവലപ്മെൻറ് ബോർഡ് അനുവദിച്ച 87 ലക്ഷവും സംസ്ഥാന സർക്കാർ വിഹിതമായ 16.45 ലക്ഷവും ഉൾപ്പെടെ 103. 45 ലക്ഷം രൂപ ചെലവഴിച്ചാണ് 254 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മാർക്കറ്റ് കെട്ടിടം നിർമ്മിച്ചത്. സിങ്ക്, ഡ്രെയിൻ, മത്സ്യം മുറിയ്ക്കുന്നതിനുള്ള സംവിധാനം എന്നിവയടക്കമുള്ള 22 ഡിസ്പ്ളെ സ്റ്റാളുകളോടുകൂടിയ കെട്ടിടത്തിൽ ചിൽ റൂം, ഇ.റ്റി.പി. എന്നീ ആധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയെങ്കിലും അവയെല്ലാം പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. മുൻ പഞ്ചായത്ത് ഭരണസമിതി വിട്ട് നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്തിന് പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നായി മാർക്കറ്റ് മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മത്സ്യമാർക്കറ്റ് ഗതിപിടിച്ചില്ല.