തൃശൂർ: കഴിഞ്ഞ വർഷങ്ങളിൽ 90 ശതമാനം കന്നുകാലികൾക്കും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് എടുത്ത് സംസ്ഥാനത്ത് ഒന്നാമതായതോടെ ജില്ല കുളമ്പുരോഗ വിമുക്തിയിലേക്ക്. ആറ് മാസത്തിനിടയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ വ്യക്തമാക്കി. അതേസമയം, ജില്ലയിലെ 1.20 ലക്ഷം കന്നുകാലികൾക്ക് സമ്പൂർണ്ണപ്രതിരോധം ലക്ഷ്യമിട്ടുളള ഗോരക്ഷ കുളമ്പുരോഗ കുത്തിവയ്പ് പദ്ധതിയുടെ 26ാം ഘട്ടം ഇന്നലെ തുടങ്ങി.
ആഗസ്റ്റ് 12 വരെ ജില്ലയിൽ കുത്തിവെയ്പ് തുടരും. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച നിയമപ്രകാരം നിർബന്ധമാണിത്. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസംഘങ്ങൾ, വനം വന്യജീവി വകുപ്പ് എന്നിവയുടെ സഹകരണത്തോടൊയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ രോഗബാധയുളളത് കേരളത്തിന് ഭീഷണിയാണ്. അവിടെ നിന്ന് അറവുശാലകളിലെത്തുന്ന കന്നുകാലികളിലൂടെ രോഗം എളുപ്പം കേരളത്തിലെത്തുമെന്ന ആശങ്കയുമുണ്ട്.
പദ്ധതിയുടെ
സവിശേഷതകൾ
ഉരു ഒന്നിന് സൗജന്യനിരക്കായ പത്ത് രൂപയ്ക്ക് കുത്തിവെയ്പ്.
കുത്തിവെയ്പിന് വിധേയമാക്കിയവയെ തിരിച്ചറിയുന്നതിന് ചെവിയിൽ ടാഗ്.
പശു, എരുമ, പന്നി എന്നിവയ്ക്ക് വീട്ടിലെത്തിയും കുത്തിവെയ്പ്
വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകൾ വഴിയും കുത്തിവെയ്പ്.
കുത്തിവെയ്പിനു ശേഷം ഒരാഴ്ചയ്ക്കുള്ളിൽ രോഗം ബാധിച്ച് ചത്താൽ കറവപ്പശുവിന് 30000 രൂപ
ലക്ഷ്യങ്ങൾ:
കുത്തിവെയ്പിലൂടെ കന്നുകാലികളെ രക്ഷിക്കുക.
രോഗം മൂലമുളള ദുരിതവും സാമ്പത്തികനഷ്ടവും ഒഴിവാക്കുക.
ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് കുത്തിവെയ്പ് നിർബന്ധം.
കൃത്യമായ ഇടവേളകളിൽ കുത്തിവെച്ച് പ്രതിരോധശേഷി നിലനിറുത്തുക.
ഉദ്ഘാടനം ഇന്ന്
കുത്തിവെയ്പിൻ്റെ ജില്ലാതല ഉദ്ഘാടനം വലക്കാവ് ക്ഷീരോല്പാദക വ്യവസായ സംഘം പരിസരത്ത് ഇന്ന് രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് നിർവഹിക്കും.
കുളമ്പ് രോഗം:
കാരണം പിക്കാർണോ വൈറസ്, പടരുന്നത് വായുവിലൂടെ.
വിസർജ്യം, മാംസം, സ്രവങ്ങൾ, പാൽ തുടങ്ങിയവയിലൂടെയും പകരും.
പനി, നാക്കിലും മോണയിലും കുമിളകൾ, വ്രണങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.
കുളമ്പുകൾക്കിടയിലും വ്രണം, കിടാരികൾ പെട്ടെന്ന് ചത്തൊടുങ്ങും.
വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല
................................
2004 ൽ തുടങ്ങിയ പദ്ധതിയാണിത്. വർഷത്തിൽ രണ്ട് തവണ, ആറ് മാസം ഇടവിട്ടാണ് കുത്തിവെയ്പ് നൽകുന്നത്. മൂന്ന് മാസം താഴെയുളളവയെയും മറ്റ് രോഗബാധ ഉളളവയെയും ഒഴിവാക്കും.
-ഡോ.എം.കെ. പ്രദീപ്കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ