കൊരട്ടി: നൂറ്റിയേഴാം വയസിലെത്തിയ കണ്ടംകുളത്തി വറുതുണ്ണിയപ്പൂപ്പന് ജന്മദിനാശംസകളുമായി ബി.ഡി ദേവസി എം.എല്‍.എയെത്തി. കേരള കൗമുദി വാര്‍ത്ത കണ്ട് വാലുങ്ങാമുറിയിലെ വീട്ടിലെത്തിയ എം.എല്‍.എ ഏറെ നേരം അപ്പൂപ്പനോടൊപ്പം ചെലവഴിച്ചു. മകന്റെയും പേരക്കുട്ടിയുടെയും സഹായത്തോടെ കട്ടിലില്‍ നിന്നും എഴുന്നേറ്റ കാരണവര്‍, കൂപ്പുകൈകളുമായി മുന്നില്‍ നിന്ന എം.എല്‍.എയെ പ്രത്യഭിവാദ്യം ചെയ്തു. തുടര്‍ന്ന് കരം ഗ്രഹിച്ച് സ്‌നേഹ ചുംബനവും നല്‍കി. പിന്നീട് എം.എൽ.എ കുശലാന്വേഷണം നടത്തി. ഈയിടെ മറവിയുണ്ടെങ്കിലും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കി. ഇടയ്‌ക്കൊക്കെ അപ്പന് പാട്ടുപാടുന്ന ശീലമുണ്ടെന്ന് മകന്‍ വര്‍ഗ്ഗീസ് പറഞ്ഞപ്പോള്‍ എം.എല്‍.എ പ്രോത്സാഹിപ്പിച്ചു. മടി കൂടാതെ അപ്പൂപ്പന്‍ ഏതോ പ്രാര്‍ത്ഥനയിലെ മൂന്ന് നാലു വരികളും ചൊല്ലി. കര്‍ക്കടകം ഒന്നിനാണ് വറുതുണ്ണിയുടെ ജന്മദിനം.