junction
ദേശീയ പാതയിലെ മുനിസിപ്പൽ ജംഗ്ഷനിൽ തടസംമാറ്റി പ്രവേശന കവാടം തുറക്കുന്നു..

ചാലക്കുടി: ദേശീയ പാതയിലെ മുനിസിപ്പൽ ജംഗ്ഷൻ വീണ്ടും തുറന്നു കൊടുത്തു. ട്രാഫിക് സിഗ്‌നൽ സംവിധാനവും ഇതോടൊപ്പം പുനരാരംഭിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ഏപ്രിൽ 23 മുതൽ അടച്ചുകെട്ടിയ മാള റോഡിലേക്കുള്ള തടസം മാറ്റിയത്.

വടക്കുഭാഗത്ത് കോടതി ജംഗ്ഷനിൽ നടക്കുന്ന അടിപ്പാതയുടെ നിർമ്മാണം കാര്യക്ഷമമാക്കുന്നതിന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് ഗതാഗത പരിഷ്‌കാരമുണ്ടായത്. അടിപ്പാതയുടെ തൊട്ടടുത്ത് വച്ച് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ വഴിമാറ്റി വിടുന്ന സമ്പ്രദായം മുനിസിപ്പൽ ജംഗ്ഷനിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ഇവിടെ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് മുറിഞ്ഞു കടക്കുന്ന സൗകര്യം ഇല്ലാതാക്കിയത്.

മാളയിലേക്കുള്ള ബസുകൾ ട്രങ്ക് റോഡ് ജംഗ്ഷനിൽ എത്താതായപ്പോൾ റെയിൽവേ സ്റ്റേഷൻ റോഡിലെ വ്യാപാരികൾ പ്രതിഷേധവുമായെത്തി. മൊത്തം വാഹനങ്ങൾ സൗത്ത് ജംഗ്ഷനിലെത്തിയതും നഗരത്തിൽ കുരുക്കിനിടയാക്കി. ഇപ്പോൾ അടിപ്പാതയുടെ അടുത്ത് മറ്റൊരു ഭാഗത്തുകൂടിയാണ് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ തിരിച്ചുവിടുന്നത്. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർ വി.ജെ. ജോജി എന്നിവർ സ്ഥലത്തെത്തിയിരുന്നു.