ചാലക്കുടി: അടിപ്പാത നിർമ്മാണത്തിന്റെ പേരിൽ മുനിസിപ്പൽ ജംഗ്ഷൻ അടച്ചുകെട്ടുകയും ഇപ്പോൾ തുറന്നു കൊടുക്കുകയും ചെയ്തത് എം.എൽ.എയുടെ തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടതി ജംഗ്ഷനിലേക്ക് മാർച്ച് നടത്തി. ആറു മാസത്തിനകം അടിപ്പാത പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ എം.എൽ.എ, ജനങ്ങളോട് മാപ്പു പറയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അടിപ്പാത നിർമ്മാണ സ്ഥലത്ത് നടത്തിയ പ്രതിഷേധം നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റുമാരായ എബി ജോർജ്ജ്, ബിജു കാവുങ്ങൽ, മേരി നളൻ, ഒ.എസ്. ചന്ദ്രൻ, തോമസ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.