പാവറട്ടി: കർഷക കൂട്ടായ്മയിൽ അന്നകര വില്ലേജിൽ ഓണത്തിന് സുരക്ഷിത പച്ചക്കറി പദ്ധതിക്ക് തുടക്കം. അന്നകര സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 40 സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന ജൈവ പച്ചക്കറി നടീൽ ഉത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഒ.എ. അശോകൻ അദ്ധ്യക്ഷനായി. വെണ്ട, വഴുതന, മത്തൻ, കുമ്പളം, വെള്ളരി, പയർ, പാവയ്ക്ക,ചീര തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
അന്നകര വില്ലേജിലെ 7 വാർഡുകളിലും സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി നടപ്പിലാക്കുന്നു. ഒരു വാർഡിൽ നിന്ന് 50 കുടുംബം വീതം 350 വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വിത്തും നടീൽ വസ്തുക്കളും സംഘം വിതരണം ചെയ്തു. ആവശ്യമായ ജൈവവളവും കീടനാശിനിയും പ്രയോഗിക്കും. സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കർഷക സഹായ സമിതിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതലയെന്ന് സംഘം പ്രസിഡന്റ് ഒ.എ. അശോകൻ പറഞ്ഞു.
നടീൽ ഉത്സവത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. കൃഷ്ണകുമാർ, ഡയറക്ടർമാരായ എം.വി. സുകുമാരൻ, പി.എസ്. ഉണ്ണിക്കൃഷ്ണൻ, എ.ആർ. സുഗുണൻ എന്നിവർ ആശംസകൾ നേർന്നു.