ഇരിങ്ങാലക്കുട : ഓട്ടത്തിനിടയിൽ സ്വയം ചാർജ് ആകുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിച്ച് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. ഓൾട്ടർനേറ്ററിന്റെ സഹായത്തോടെ വാഹനം ഓടുന്ന സമയത്ത് ബാറ്ററി സ്വയം ചാർജ് ചെയ്യുന്ന രീതിയിലാണ് വാഹനം ഡിസൈൻ ചെയ്തത്. അവസാന വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ ജയറസ് പ്രിൻസ്, എ.ബി അജയ്, ആദിത്ത് മേനാത്ത്, ടി.എസ് അഭിൽ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
സീരിസ് ഇലക്ട്രിക് ഹൈബ്രിഡ് ഇനത്തിൽപെട്ട കാറുകൾ നിലവിലുണ്ട്. ഈ സംവിധാനമാണ് വിദ്യാർത്ഥികൾ ഇരുചക്ര വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാറ്ററി ചാർജിന്റെ സ്റ്റാറ്റസ് അറിയുന്നതിനുള്ള ഡിസ്‌പ്ലേയും ഓൾട്ടർനേറ്റർ സ്റ്റാറ്റസും വണ്ടിയിൽ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റർ പെട്രോളിൽ 75 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നുണ്ട്. മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനായ ടി.വി ശ്രീജിത്ത്, ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അദ്ധ്യാപകരായ ടി.എം സനൽ , ടി.ടി റീസ എന്നിവർ പ്രൊജക്ടിനുള്ള മാർഗ്ഗ നിർദ്ദേശം നൽകി.