തൃശൂർ: ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകാൻ പോകുന്ന തൃശൂർ സുവോളജിക്കൽ പാർക്കിലെ നിർമ്മാണം അതിവേഗത്തിൽ. മൂന്നാംഘട്ട ടെൻഡർ നടപടികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കും. ഒന്നാംഘട്ടം മൂന്നുമാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം രണ്ടാം ഘട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയ മൂന്നാംഘട്ടം സെപ്തംബറിൽ ആരംഭിക്കും. മൂന്നു ഘട്ടങ്ങൾക്കുമുള്ള ഫണ്ട് കിഫ്ബിയിൽ നിന്ന് അനുവദിച്ചതോടെയാണ് നിർമ്മാണങ്ങൾക്ക് വേഗമേറിയത്. ഡിസംബറോടെ തൃശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെ ഇവിടേക്ക് മാറ്റാൻ കഴിയും. ഇവിടെ നിന്ന് മാറ്റുന്നതിന്റെ രണ്ടു മടങ്ങ് മൃഗങ്ങളെയെങ്കിലും ഉണ്ടെങ്കിലേ സുവോളജിക്കൽ പാർക്കെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകൂ. ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ എത്തിക്കും. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമാണം.

ആദ്യഘട്ടത്തിൽ നാലിനം ജീവികൾക്കുള്ള കൂടാണ് ഒരുക്കുന്നത്. പേരുകൊണ്ട് കൂടാണെങ്കിലും ഇവയ്ക്കുള്ള ആവാസ്ഥ വ്യവസ്ഥ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കുകയാണ് ചെയ്യുന്നത്. ഓരോന്നിനും ഒരേക്കറിലധികം സ്ഥലത്താണ് സങ്കേതം ഒരുക്കുന്നത്. ഇവയുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. ഒരോ സങ്കേതത്തിലും വലിയ കുളങ്ങളുണ്ട്. പുൽത്തകിടികളും മരങ്ങളും വച്ചുപിടിപ്പിക്കും. രണ്ടാംഘട്ടത്തിൽ സിംഹം, കടുവ, മാൻ തുടങ്ങിയ വിവിധ മൃഗങ്ങൾക്ക് വേണ്ടിയുള്ള വാസസ്ഥലം ജൈവവൈവിദ്ധ്യം നിലനിറുത്തി നിർമ്മിക്കും. വലിയ കിടങ്ങുകൾ നിർമ്മിച്ച് വേലികെട്ടി തിരിക്കുകയാണ് ചെയ്യുക. കൃത്രിമമായ ജലാശയങ്ങളും ചെറുചോലകളും പാറക്കെട്ടുകളും ഇതോടനുബന്ധിച്ച് നിർമ്മിക്കും. പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.

മൂന്നാംഘട്ടത്തിൽ പ്രധാനമായും വലിയ മൃഗങ്ങൾക്കുള്ള വാസസ്ഥലമാണ് ഒരുക്കുന്നത്. ഹിപ്പോപ്പൊട്ടാമസ്, വൈൽഡ് ഡോഗ്‌സ്, ജിറാഫ്, വിവിധതരം കരടികൾ, വരയാട്, വിവിധ പരുന്തുകൾ തുടങ്ങി വിവിധ മൃഗങ്ങൾക്കുള്ള സങ്കേതങ്ങളാണ് നിർമ്മിക്കുക.


 ഒന്നാംഘട്ടം ഇവർക്കു വേണ്ടി

വിവിധയിനം പക്ഷികൾ, കുരങ്ങുവർഗത്തിലുള്ള നീലഗിരി ലെംഗൂറുകൾ
സിംഹവാലൻ കുരങ്ങ്
കാട്ടുപോത്ത്

 രണ്ടാംഘട്ടം

മൃഗങ്ങൾക്കുള്ള വാസസ്ഥലം
ചെറുജീവികൾക്കുള്ള വാസസ്ഥലം
പാർക്കിംഗ്
ഓറിയന്റേഷൻ സെന്റർ

മൃഗശാല എന്നതിനപ്പുറം പ്രകൃതിദൃശ്യം കൂടി കാഴ്ചക്കാർക്ക് അനുഭവവേദ്യമാകുന്ന രീതിയിലാണ് നിർമ്മാണം നടക്കുന്നത്. പാർക്കിനായി പുത്തൂരിൽ നിന്ന് മുറിച്ചുമാറ്റിയ മുളകൾക്ക് പകരം പത്തുലക്ഷം വൃക്ഷത്തൈകൾ നട്ടുവളർത്തി ഒരു വലിയ കാട് പുനഃസൃഷ്ടിക്കും. ഈ മാസം 1200 തൈകൾ നടും.

- കെ. രാജൻ (സ്ഥലം എം.എൽ.എ, ഗവ. ചീഫ് വിപ്പ്).

പണച്ചെലവ്
ഒന്നാംഘട്ടം: 30 കോടി
രണ്ടാംഘട്ടം: 112.8 കോടി
മൂന്നാംഘട്ടം: 187.57 കോടി