തൃശൂർ: മാനവികവും മാനുഷികവുമായ എല്ലാ നല്ല വികാരങ്ങളും വറ്റി ആർദ്രയില്ലാതായ വർത്തമാനകാലത്തിന് ഔഷധമായ രീതിയിൽ ജീവിതം എഴുതേണ്ടത് അനിവാര്യമാണെന്ന് ഡോ. എം. ലീലാവതി. അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു. ഭക്തി എന്ന വികാരത്തിന് ജീവിതത്തിൽ അത്ര ഒരു പ്രധാന്യവും നൽകാത്ത അങ്കണം ഷംസുദ്ദീനും, ആത്മാർത്ഥ ഭക്തി ജീവിതത്തിൽ പരിശീലിച്ച് വരുന്ന ഡോ. പി. സരസ്വതിയും ചെറുതല്ലാത്ത കാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവെന്നത് പുതിയ കാലത്തിന് നൽകുന്ന വലിയ സന്ദേശമാണെന്ന് അവർ പറഞ്ഞു.
ഡോ. എസ്.കെ. വസന്തന് വിശിഷ്ട സാഹിതി സേവാപുരസ്‌കാരവും കെ.വി. മോഹൻകുമാർ നോവൽ സമ്മാനവും പ്രൊഫ. കെ.വി. രാമകൃഷ്ണന് പഠനഗ്രന്ഥ സമ്മാനവും അമൃത കേളകത്തിന് വിദ്യാർത്ഥി പുരസ്‌കാരവും ലീലാവതി സമ്മാനിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ അദ്ധ്യക്ഷനായി. ഡോ. പി. സരസ്വതി പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ബാലചന്ദ്രൻ വടക്കേടത്ത് അങ്കണം ഷംസുദ്ദീൻ സ്മൃതി പ്രഭാഷണം നടത്തി. തൃശിവപുരം മോഹനചന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. എൻ. ശ്രീകുമാർ, സി.എ. കൃഷ്ണൻ, ടി.ടി. പ്രഭാകരൻ, രഘുനാഥ് പറവി, പി. അപ്പുകുട്ടൻ പ്രസംഗിച്ചു. നേരത്തെ സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ ഷംസുദ്ദീന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു.