കൊടകര: ആളൂർ പഞ്ചായത്തിൽ കൊടകര റോഡിൽ ശിഖരം അടർന്ന് വീണ കൂറ്റൻ മദിരാശിമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഒരുഭാഗത്തേക്ക് വളർന്ന് നിന്നിരുന്ന കേട് വന്ന ശാഖ അടർന്ന് വീണതോടെ കാറ്റിൽ മരം മറുഭാഗത്തേക്ക് മറിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് സമീപവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഉയരത്തിൽ വളർന്ന് പന്തലിച്ചുനിൽക്കുന്ന മരമാണ് ഭീഷണി ഉയർത്തുന്നത്. മരത്തിന്റെ കേടുവന്ന ശാഖകൾ ഉണങ്ങിനിൽക്കുന്നതും ഭീഷണിയാകുന്നുണ്ട്.
ഇന്നലെ രാത്രി 9 മണിയോടെയാണ് മദിരാശിമരത്തിന്റെ കേടുവന്ന വലിയ ശിഖരം തനിയെ അടർന്ന് വീണത്. ഈ സമയം കാറ്റുണ്ടായിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. വലിയ കൊമ്പ് അടർന്ന് വീഴുന്നതിനിടെ സമീപത്തെ വീടിന്റെ ടറസിൻ തട്ടി സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വൈദ്യുതിലൈനിനു മീതെ വീണതിനാൽ ഇലക്ട്രിക് ലൈനുകൾ പൊട്ടി വൈദ്യുതിയും തടസപ്പെട്ടു. യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന കൂറ്റൻ മദിരാശിമരം ഉടൻ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പരാതി നൽകി
അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ആളൂർ സ്വദേശി ജോളി വാഴപ്പിള്ളി പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ചു. അസി. എക്‌സികൂട്ടീവ് എൻജിനീയർക്ക് അപകടാവസ്ഥയെകുറിച്ച് റിപ്പോർട്ട് നൽകുമെന്ന് സ്ഥലം സന്ദർശിച്ച പുതുക്കാട് പിഡബ്‌ള്യുഡി ഓവർസീയർ പറഞ്ഞു.