തൃശൂർ: മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ അമ്മമാർക്കും കുട്ടികൾക്കുമായി പുതിയ ബ്ലോക്കിന് 277.76 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. പദ്ധതി നടപ്പിലായാൽ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് പേർക്ക് ഗുണകരമാകും. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ മെഡിക്കൽ കോളേജിനും നെഞ്ചുരോഗാശുപത്രിക്കും ഇടയിൽ പി.ജി ഹോസ്റ്റലിന് സമീപമാണ് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
നിലവിൽ ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. തുക പാസായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ഉടൻ തുടങ്ങിയാൽ പ്രവർത്തനക്ഷമമാകാൻ ഏകദേശം അഞ്ച് വർഷത്തോളമെടുക്കും. പദ്ധതി ഗേത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പുതിയ ബ്ലോക്ക് വരുന്നതോടെ ഇപ്പോൾ മെഡിക്കൽ കോളേജിനുള്ളിൽ ചെറിയ സ്ഥലത്ത് പ്രവർത്തിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും ബ്ലോക്ക് പൂർണമായും ഇവിടേക്ക് മാറ്റപ്പെടും.

വകയിരുത്തിയ പദ്ധതിയും - അനുവദിച്ച തുകയും

കെട്ടിട നിർമ്മാണം - 1,84,89,68,850
വൈദ്യുതീകരണം -18,00,85,950
അഗ്നിശമന പ്രവർത്തനം - 8,59,27,500
വാട്ടർ ടാങ്ക്, ട്രീറ്റ്‌മെന്റ് പ്ലാന്റ് - 2,34,99,500
എച്ച്.വി.എ.സി വർക്ക് - 14,47,20,000
അനുബന്ധ ജോലികൾ - 1,87,07,070
ജലവിതരണം, ഡ്രൈയിനേജ് സിസ്റ്റം - 52,52,800
വാത സംബന്ധമായ രോഗങ്ങൾക്കുള്ള സജ്ജീകരണങ്ങൾ -1 കോടി
മെഡിക്കൽ ഗ്യാസ് - 4.5 കോടി
മെഡിക്കൽ ഉപകരണങ്ങൾ, ഫർണീച്ചർ - 35 കോടി
സോളാർ - 55 ലക്ഷം
33 കെ.വി. സബ് സ്‌റ്റേഷൻ - 6 കോടി

പണം നൽകുന്നത്
കിഫ്ബി

പദ്ധതി തയ്യാറാക്കിയത്

കാക്കനാട്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻകൽ

അമ്മമാർക്കും 13 വയസിന് താഴെയുള്ള കുട്ടികൾക്കും

ആകെ ഒമ്പത് നിലകൾ, 51,300 ചതുരശ്ര അടി വിസ്തീർണം

ഐ.പിക്ക് 450, ഐ.സി.യു 108 ഉൾപ്പെടെ 600 കിടക്കകൾ

കൺസൾട്ടേഷൻ റൂം, ഡെമോ റൂം, വിശ്രമ മുറി, ഐ.സി.യു

ഏറ്റവും വലിയ പദ്ധതി
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതി
(അനിൽ അക്കര എം.എൽ.എ)