കൊടുങ്ങല്ലൂർ: പ്രളയബാധിതർക്ക് ദുരിതാശ്വാസമായി കയ്പമംഗലം നിയോജക മണ്ഡലത്തിൽ 32.80 കോടി ചെലവഴിച്ചെന്ന് ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ വകുപ്പുകളിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ള കണക്കുകൾ വ്യക്തമാക്കിയാണ് എം.എൽ.എ ഇക്കാര്യം വിശദീകരിച്ചത്. അഴീക്കോട് മുതൽ എടത്തിരുത്തി വരെ നീളുന്ന മണ്ഡലത്തിലെ എഴ് പഞ്ചായത്തുകളിലായി 14,234 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. വീടുകൾ തകർന്ന 76 പേർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി. ഇതിനായി 3.80 കോടി രൂപ സഹകരണ വകുപ്പ് ചെലവഴിച്ചു. 26.30 കോടി രൂപ റവന്യൂ വകുപ്പും, 1.04 കോടി പട്ടികജാതി വകുപ്പും, 87,95,000 രൂപ സിവിൽ സപ്ലൈസ് വകുപ്പും 16,48,167 രൂപ ഫിഷറീസ് വകുപ്പും ചിലവഴിച്ചിട്ടുണ്ടെന്നും എം.എൽ.എ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബിദലി, തഹസിൽദാർ ജെസ്സി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹൻ, ഇ.കെ. മല്ലിക, ബൈന പ്രദീപ്, വിവിധ വകുപ്പുകളുടെ മേധാവികളായ സി. ഗീത, പി.ബി മുഹമ്മദ് റാഫി, ഗിരീഷ് കുമാർ, ജ്യോതി പി. ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.