തൃശൂർ: ദുർഗന്ധമോ ദ്രാവകരൂപത്തിലുള്ള സ്ളറിയോ അന്തരീക്ഷമലിനീകരണമോ ഇല്ലാതെ സാധാരണ ഊഷ്മാവിലും മർദ്ദത്തിലും പ്രവർത്തിക്കുന്ന എയ്റോബിക് മാലിന്യസംസ്കരണ യൂണിറ്റിൻ്റെ പേറ്റൻ്റ് തേടുകയാണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി സി.എസ്. ദേവപ്രിയ.

പത്ത് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ പ്രവർത്തിക്കുന്ന ബാക്ടീരിയകൾ മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന യൂണിറ്റ് വീട്, ഫ്ളാറ്റ്, ഹോട്ടൽ, ഹോസ്റ്റൽ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പ്ളാൻ്റ് ഫലപ്രദമാകുമെന്ന് ദേവപ്രിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജൈവമാലിന്യം ജലാംശ ഊറ്റിക്കളഞ്ഞുവേണം പ്ളാൻ്റിൽ നിക്ഷേപിക്കാൻ. ചകിരിച്ചോറോ അറക്കപ്പൊടിയോ ഇട്ട് ഇളക്കിയാൽ ശേഷിക്കുന്ന ജലാംശവും ഒഴിവാക്കാം. അതിനു മുകളിൽ ചപ്പുചവറുകൾ ഇടണം. ബാക്ടീരിയകൾക്ക് പ്രവർത്തിക്കാനുള്ള ഓക്സിജന് വേണ്ടിയാണിത്. അതിനു ശേഷം അടച്ചുവയ്ക്കണം. 45 ദിവസത്തിനു ശേഷം പ്ളാൻ്റിൻ്റെ താഴെയുള്ള ഡോർ തുറന്നാൽ സമ്പൂർണ്ണ ജൈവവളം കിട്ടും. മൂന്നാഴ്ച കാരിയർ ബാഗിലാക്കി വച്ചാൽ വളം ഉപയോഗിക്കാനാകും. കുറച്ചുനാൾ ഭക്ഷണാവശിഷ്ടങ്ങൾ ഇടാൻ കഴിഞ്ഞില്ലെങ്കിലും ശേഖരിച്ച് വയ്ക്കാൻ കഴിയും. കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാൻ കഴിയുന്ന പ്ളാൻ്റ്, മാറ്റി സ്ഥാപിക്കാനും കഴിയും. പ്രാണികളുടെയോ മറ്റ് ക്ഷുദ്രജീവികളുടെയോ ശല്യവുമുണ്ടാകില്ല. മറ്റ് സംസ്കരണ യൂണിറ്റുകളിൽ നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും നിക്ഷേപിക്കാനാകും.

ബംഗ്ളുരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ബയോടെക്നോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് കൊടുങ്ങല്ലൂർ വെസ്റ്റ് ചന്തപ്പുര ചെമ്പനാടത്ത് വീട്ടിൽ ദേവപ്രിയ. അച്ഛൻ, ബിസിനസുകാരനായ സി.കെ. സുജൻ, അമ്മ അദ്ധ്യാപികയായ എം.ജി. ലിജി, സി.ബി.എസ്. മണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.