എരുമപ്പെട്ടി: ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന സെല്ലോ ടേപ്പ് നിർമ്മാണ കമ്പനിയുടെ നടപടിക്കെതിരെ പരിസരവാസികൾ പ്രതിഷേധ ധർണ്ണ നടത്തി. ആറ്റത്ര ഇടമനപ്പടി റോഡിൽ പ്രവർത്തിക്കുന്ന റോഷിണി ഇൻഡസ്ട്രീസ് എന്ന സ്ഥാപനമാണ് പരിസരവാസികളെ ദുരിതത്തിലാക്കി പ്രവർത്തിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ടോറസ് ലോറികൾ കൊണ്ടുവരുന്നതിനായി പരിസരവാസികളുടെ ഭൂമി കൈയേറ്റം നടത്താൻ ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിരിക്കുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് രേഖകളിലുള്ള ഭൂമി തിരിച്ചുപിടിക്കാൻ കമ്പനി ഉടമ ശ്രമിക്കുന്നതായും പരിസരവാസികൾ പറയുന്നു. സെല്ലോടേപ്പ് കമ്പനിയിലെ പ്ലാസ്റ്റിക്, റബ്ബർ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും, പുഴയിലൂടെ ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. വിഷപ്പുക ശ്വസിച്ച് കമ്പനിയുടെ പരിസരത്തുള്ളവർക്ക് ജീവിക്കാൻ കഴിയാതായിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും മാലിന്യപ്രശ്നം പരിഹരിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ ധർണ നടത്തിയത്.
ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ പുന്നക്കൽ നാരായണൻ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പ്രീതി സതീഷ് അദ്ധ്യക്ഷയായി. പി.എസ്. മോഹനൻ, ഇ.എസ്. സച്ചിൻ കൃഷ്ണ, സി.വി. ജെയ്സൺ, സി.ടി. ഷാജൻ എന്നിവർ നേതൃത്വം നൽകി.