തൃശൂർ: മുൻവിരോധത്താൽ യുവാവിനെ കൊലപ്പെടുത്തി ശ്മശാനത്തിൽ കുഴിച്ചു മൂടിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം തൊട്ടാപ്പ് നെടിയിരുപ്പിൽ പത്മനാഭൻ മകൻ ബിബീഷിനെ (30) കൊലപ്പെടുത്തിയ കേസിലാണ് ഒന്നും രണ്ടും പ്രതികളായ ബ്ലാങ്ങാട് പുതുരുത്തി ദേശത്ത് തൊടുവീട്ടിൽ വേലായുധൻ മകൻ രാജു (29), തൊട്ടാപ്പ് ദേശം പണിക്കവീട്ടിൽ അബൂബക്കർ മകൻ റഫീഖ് (28) എന്നിവരെ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. മൂന്നും നാലും പ്രതികളായ ഇഗ്നേഷ്യസ്, അമീർ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതലായി കഠിനതടവ് അനുഭവിക്കണം. പ്രതികളെ ഇരുവരെയും ബിബീഷ് മുമ്പ് വെട്ടിപ്പരിക്കേൽപിച്ചതിന്റെ വിരോധത്താലായിരുന്നു കൊലപാതകം. അനുജൻ ബിനീഷിനെ പരിചരിക്കുന്നതിനായി തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ നിന്നിരുന്ന ബിബീഷിനെ മൂന്നാം പ്രതിയായിരുന്ന ഇഗ്നേഷ്യസ് മദ്യപിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി തൃശൂർ ചേലക്കോട്ടുകരയിലെ പണിതുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2008 സെപ്തംബർ 16 ന് രാത്രി 11 ന് ആയിരുന്നു സംഭവം. ബിബീഷിന്റെ മൃതശരീരം കാറിൽ കയറ്റി കടപ്പുറം തൊട്ടാപ്പിലുള്ള പഞ്ചായത്ത് പൊതുശ്മശാനത്തിൽ കൊണ്ടുവന്ന് കുഴിയെടുത്ത് മൃതശരീരം മറവു ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. കിഴക്കെക്കോട്ടയിലെ കടയിൽ നിന്നാണ് പ്രതികൾ രണ്ടു വെട്ടുകത്തികൾ വാങ്ങിയത്. കൂട്ടായി കൊലപാതകം നടത്തിയെന്നും മൃതശരീരം കുഴിച്ചിട്ട് തെളിവ് നശിപ്പിച്ചു എന്നും തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ബിബീഷിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിൽ ഒരു മാസത്തിന് ശേഷമാണ് കണ്ടെത്തിയത്. തലയോട്ടി സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റും ഡി.എൻ.എ ടെസ്റ്റും നടത്തിയാണ് മൃതശരീരം ബിബീഷിന്റേതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചത്. ഒന്നാം പ്രതി രാജു വിധി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് ഒളിവിലായിരുന്നു. റഫീഖ് വിയ്യൂർ ജയിലിലാണ്. ഒളിവിൽ പോയതിന് ജാമ്യസംഖ്യയായ ഒരു ലക്ഷം രൂപയും, രാജുവിന്റെ ജാമ്യക്കാർ അരലക്ഷം രൂപവീതവും കോടതിയിലടക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി. ചാവക്കാട് സി. ഐ. എസ്. ഷംസുദ്ദീനാണ് കേസ് അന്വേഷിച്ചത്.

ശിക്ഷ ഇങ്ങനെ

പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ കഠിനതടവ്
തെളിവു നശിപ്പിച്ചതിന് മൂന്ന് വർഷം വീതം കഠിനതടവും, 25,000 രൂപ വീതം പിഴയും
പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കഠിനതടവ് കൂടുതൽ
പിഴയടച്ചാൽ ലക്ഷം രൂപ കൊല്ലപ്പെട്ട ബിബീഷിന്റെ ഭാര്യയ്ക്ക്
ലക്ഷം രൂപ മകളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ്