ഇരിങ്ങാലക്കുട: പെരിങ്ങോട്ടുകരയിൽ വിഷുദിന തലേന്ന് യുവാവിടെ അടിച്ചു കൊന്ന സംഭവത്തിലെ മൂന്നാം പ്രതി അറസ്റ്റിലായി. പെരിങ്ങോട്ടുകര വടക്കുംമുറി പുളിപറമ്പിൽ വിജയൻ മകൻ വിഘ്‌നേഷിനെയാണ് തൃശൂർ റൂറൽ എസ്.പി വിജയകുമാരന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ് അറസ്റ്റു ചെയ്തത്. നിരവധി അടിപിടി കൊലപാതകശ്രമം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിഘ്‌നേഷ്. ഈ കേസ്സിൽ പെരിങ്ങോട്ടുകര സ്വദേശികളായ നാലു പേർ നേരത്തേ പിടിയിലായിരുന്നു. ഏറെ കോലാഹലം സൃഷ്ടിച്ച കേസിൽ മൂന്നു മാസത്തോളമായി ഒളിവിലായിരുന്നു വിഘ്‌നേഷ്. കരിങ്കല്ലും വടിയും കൊണ്ടു മുള്ള ആക്രമണത്തിൽ തലയോട്ടി തകർന്നും മുഖത്തിന് ഗുരുതര പരുക്കേറ്റും കണ്ണാറ വീട്ടിൽ പാറൻ കുട്ടി മകൻ പ്രദിൻ (46 ) പിറ്റേന്ന് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പണിക്കശ്ശേരി ശ്രീജിത്ത് ചികിത്സയിലാണ്. സംഭവത്തിന് ശേഷം നാടുവിട്ട വിഘ്‌നേഷ് മൂന്നു മാസത്തോളം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. അന്തിക്കാട് സ്റ്റേഷനിൽ പതിമൂന്നു കേസുകളിൽ പ്രതിയായ വിഘ്‌നേഷ് കാലടി, അന്തിക്കാട് സ്റ്റേഷനുകളിൽ കൊലപാതക ശ്രമക്കേസും, നെടുപുഴ സ്റ്റേഷനിൽ പിടിച്ചുപറി കേസിലും പ്രതിയാണ്. പെരിങ്ങോട്ടുകരയിലെ സംഭവ ശേഷം ഗോവയിലേക്കും അവിടെ നിന്ന് ഗുജറാത്തിലേക്കും മുങ്ങുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. ഫേമസ് വർഗ്ഗീസിനാണ് നിലവിൽ അന്വേഷണ ചുമതല. ഇന്ന് പുലർച്ചെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചേന്ദംകുളം വീട്ടിൽ രമേഷ് മകൻ അക്ഷയ് (22 ) ഇപ്പോഴും ഒളിവിലാണ്. അന്തിക്കാട് എസ്.ഐ. കെ ജെ.ജിനേഷ്, അഡീ.എസ്.ഐ ഗിരിജാ വല്ലഭൻ, എ.എസ്.ഐ. പി ജെ.ഫ്രാൻസിസ്, സീനിയർ സി.പി.ഒ എം.സുമൽ, കെ.എം. മുഹമ്മദ് അഷറഫ്, എം.കെ ഗോപി, ഷഫീർ ബാബു, സി.പി.ഒ മാരായ ഇ.എസ്. ജീവൻ, ഷറഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.