ഗുരുവായൂർ: ശുചീകരണപ്രവർത്തനങ്ങൾ ചെയ്ത ഇനത്തിൽ ഗുരുവായൂർ ദേവസ്വം നഗരസഭയ്ക്ക് നൽകാനുള്ള തുക അടുത്തമാസം നൽകാൻ ധാരണയായി. മൂന്നു കോടി രൂപയാണ് ദേവസ്വം നഗരസഭയ്ക്ക് നൽകാനുള്ളത്. 1984 മുതൽ ഇക്കഴിഞ്ഞ മാർച്ച് 31വരെ ദേവസ്വം സ്ഥലത്ത് മാലിന്യം നീക്കം ചെയ്ത ഇനത്തിലാണ് ദേവസ്വം നഗരസഭയ്ക്ക് വൻ തുക നൽകാനുണ്ടായിരുന്നത്. തുക ലഭിക്കാത്തതിനെ തുടർന്ന് നഗരസഭ കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയിൽ നടന്നു വന്നിരുന്ന കേസിൽ റിട്ട. ജസ്റ്റീസ് കെ. രാധാകൃഷ്ണനെ മധ്യസ്ഥനാക്കി നിശ്ചയിച്ചു. ഇദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് കേസ് ഒത്ത് തീർപ്പാക്കാൻ ധാരണയായത്. മൂന്ന് കോടി രൂപയിൽ ദേവസ്വം പലപോഴായ് ഇതുവരെ നഗരസഭയ്ക്ക് നൽകിയ തുക കഴിച്ചുള്ള തുക അടുത്തമാസം 14നകം അടയ്ക്കുന്നതിനാണ് ധാരണയായിട്ടുള്ളത്.