ഗുരുവായൂർ: നിർദ്ധന ഭവനരഹിതർക്ക് കൃഷ്ണഭവനം പദ്ധതി തയ്യാറാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. വീടു നിർമ്മിക്കാനനുയോജ്യമായ സ്ഥലം സ്വന്തമുള്ള നിർദ്ധനരായ ഭവനരഹിതർക്കാണ് ദേവസ്വം ബഡ്ജറ്റിൽ വകയിരിത്തിയിട്ടുള്ള ഒരു കോടി രൂപയിൽ നിന്നും ധനസഹായം നൽകുക. ഇതിനായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കുന്നതിന് ദേവസ്വം ഭരണ സമിതി സബ്കമ്മിറ്റി രൂപീകരിച്ചു. അമൃത് പദ്ധതിപ്രകാരം അഴുക്ക് ചാൽ നിർമ്മാണത്തിന് ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഗുരുവായൂർ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ട 1.57 കോടി രൂപ ഉടൻ നൽകാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം വക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ടെമ്പിൾ പൊലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുപണിയുന്നതുവരെ താത്കാലികമായി സ്റ്റേഷൻ പ്രവൃത്തിക്കുന്നതിനായി ഫ്രീ സത്രം കെട്ടിടത്തിലെ മൂന്നാനില അനുവദിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഈ സ്ഥലം പൊലീസുകാർ താമസത്തിനായി ഉപയോഗിച്ചുവരുകയാണ്. മൂന്ന് ഡോർമിറ്ററി ഹാളുകളാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് നിശ്ചയിക്കുന്ന തുക പ്രതിമാസ വാടകയായി നൽകണമെന്ന വ്യവസ്ഥയിലാണ് ഈ സ്ഥലം അനുവദിച്ചത്. ഇവിടെ ഇപ്പോൾ താമസിച്ചുവരുന്ന പൊലീസുകാരെ പുനരധിവസിപ്പിക്കുന്നതിന് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ സ്വന്തം ചെലവിൽ ബാരക്ക് പണിയുന്നതിന് ദേവസ്വം വക തിരുത്തിക്കാട്ട് പറമ്പിൽ 15 സെന്റ് സ്ഥലം പ്രതിമാസം 20,000 രൂപ വാടകനിരക്കിൽ അനുവദിയ്ക്കുവാനും തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ അറിയിച്ചു.