തൃശൂർ : ജില്ലയിൽ കാലവർഷം ശക്തമായി. കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് തുടരുകയാണ്. അടുത്ത രണ്ട് ദിവസം ശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിപ്പിന്റെ പശ്ചാത്തലത്തിൽ, സുരക്ഷ മുൻ നിറുത്തി പെരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽ ഓവർ വഴി വെള്ളം ഒഴുക്കിക്കളഞ്ഞുതുടങ്ങി. ചാലക്കുടി പുഴയിൽ ജലനിരപ്പ് രണ്ട് അടിയോളം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ തീരദേശ മേഖലയിൽ കടലാക്രമണം ശക്തമായി തുടരുകയാണ് . കൊടുങ്ങല്ലൂർ, എറിയാട് മേഖലയിലാണ് കടൽക്ഷോഭം തുടരുന്നത്. മുല്ലശ്ശേരി കെ.എൽ.ഡി.സി കനാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. നഗരത്തിലടക്കം റോഡുകളിലെ വെള്ളക്കെട്ട് യാത്ര ദുരിതമയമാക്കി.
കൊടുങ്ങല്ലൂർ: കടലാക്രമണം രൂക്ഷമായ എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിൽ തീരദേശത്തെ അസ്വസ്ഥതക്ക് ശമനമായില്ല. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് കടപ്പുറത്തെ താമസക്കാരാണ് കൂടുതൽ ദുരിതത്തിലായത്. ഇവിടുത്തെ പള്ളത്ത് ജലീൽ എന്ന ആളുടെ വീട് പൂർണ്ണമായും തകർന്നു. പൊയിലിങ്ങൽ സുലൈമാൻ, മണപ്പറമ്പിൽ ഷംസുദ്ദീൻ, അഞ്ചലശേരി കൊച്ചമ്മു, മുല്ലപ്പറമ്പത്ത് കാർത്യായനി, തയ്യിൽ വാസൻ, മാരാത്ത് മുഹമ്മദ് തുടങ്ങീയവരുടെ ഇരുപതോളം വീടുകൾ അപകട ഭീഷണിയിലായി. കരയിലേക്ക് ഇരച്ചെത്തുന്ന തിരമാലകൾ വീടുകളുടെ തറ തുരക്കും വിധത്തിലാണ് കരയിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നത്. ഈ വീടുകളിൽ നിന്നെല്ലാമുള്ളവർ വീടൊഴിഞ്ഞ് ബന്ധു വീടുകളിലേക്ക് താമസം മാറ്റി. റവന്യൂ വകുപ്പിന്റെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവിടേക്ക് മാറാൻ ഇക്കുറി ആരും തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂലായിൽ ഉണ്ടായ കടലേറ്റത്തെ തുടർന്ന് 45 ദിവസങ്ങൾ വരെ ക്യാമ്പുകളിൽ കഴിയേണ്ടി വന്നിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാതെ പോയതിന്റെ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ വിമുഖത. അഴീക്കോട് മുനയ്ക്കലിലുള്ള സ്ഥിരം ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് താമസം മാറാനാണ് അധികൃതർ നിർദ്ദേശിച്ചത്.