തൃശൂർ: ചിറ്റിലപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് വീട് മണ്ണിൽ ഇടിഞ്ഞു താഴ്ന്നു. ചിറ്റിലപ്പള്ളി സ്വദേശി കോരുത്തുകര ഹരിദാസിന്റെ വീടും പിന്നിലെ കിണറുമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്റെ പിൻഭാഗം പൂർണമായി മണ്ണിൽത്താഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ മുതൽ ഈ കിണറിലെ വെള്ളം കലങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഇടിഞ്ഞു താഴ്ന്നത്. വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം ചളിയിൽ പൂണ്ടു പോയ സ്ഥിതിയാണ്. സ്ഥലത്ത് വില്ലേജ് ഓഫീസറും പൊലീസുമെത്തി പരിശോധന നടത്തി. 1991 ലാണ് വീട് നിർമ്മിച്ചത്.

മഴയിൽ എരുമപ്പെട്ടിയിൽ പതിയാരം കുന്നത്തേരി കണ്ടംകുളത്ത് ദേവകിയമ്മ, കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ കീഴ്‌ശേരിപടി ശങ്കരൻ എന്നിവരുടെ വീടുകൾ തകർന്നു. രാവിലെയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് വീടുവീണത്. ശങ്കരന്റെ വീട് പൂർണ്ണമായും ദേവകിയമ്മയുടെ വീടിന്റെ അടുക്കളഭാഗവും നിലംപതിച്ചു. ആർക്കും പരിക്കില്ല..

പെരിങ്ങൽക്കുത്ത് ഡാം തുറന്നു

പെരിങ്ങൽക്കുത്ത് : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പടിപടിയായി ജലം തുറന്നുവിട്ടത്. ഡാം തുറന്നുവിടുന്നതു മൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി കളക്ടറുടെ ഉത്തരവിൽ പറഞ്ഞു. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.