കൊടുങ്ങല്ലൂർ: മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ പുതുതായി അപേക്ഷ നൽകുവാൻ അവസരമൊരുക്കിയുള്ള സർക്കാർ ഉത്തരവിന്റെ പാശ്ചാത്തലത്തിൽ ഗുണഭോക്താകൾക്ക് വേണ്ടത്ര സാവകാശം അനുവദിക്കാതെയുള്ള നേർവിചാരണയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. ധൃതിപിടിച്ചുള്ള ഹിയറിംഗ് നിരവധി പേർക്ക് അവസരം നിഷേധിക്കുമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താലൂക്ക് സപ്‌ളൈ ഓഫീസറെ തടഞ്ഞുവച്ചു.
ബി.പി.എൽ പട്ടികയിലേക്ക് അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിവരം ഇന്നലെ രാവിലെയാണ് മാദ്ധ്യമങ്ങൾ മുഖേന നാട്ടുകാർ അറിഞ്ഞത്. ഈ അറിയിപ്പ് പ്രകാരം ഇന്നലെയാണ് നഗരസഭാ പ്രദേശത്തെ ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിക്കലും നേർവിചാരണയും നടന്നത്. ഇതുപ്രകാരം നൂറ് കണക്കിന് അപേക്ഷകർ നേർ വിചാരണയ്ക്കായി എത്തിച്ചേർന്നു.
നേർവിചാരണയിൽ ഹാജരാകുന്നവർക്ക് ആവശ്യമായ രേഖകൾ സമ്പാദിച്ച് ഹിയറിംഗിന് ഹാജരാകാൻ 24 മണിക്കൂർ പോലും നൽകാതെയുള്ള ഈ നടപടി അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. ആവശ്യമായ രേഖകൾ ഹാജരാക്കാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുമെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇതേ തുടർന്ന് നഗരസഭാ പ്രദേശത്തുള്ളവർക്ക് ഹിയറിംഗിന് മറ്റൊരു ദിവസം കൂടി അനുവദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ് , കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് , നഗരസഭ കൗൺസിലർ വി.എം ജോണിക്കുട്ടൻ, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ് , ബഷീർ കൊണ്ടാമ്പുള്ളി, എ.കെ. അബ്ദുൾ അസീസ്, പി.എസ്. മണിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതേ സമയം നേർ വിചാരണയ്ക്ക് ഹാജരായിരുന്ന നൂറ് കണക്കിന് അപേക്ഷകർക്ക് ഈ പ്രതിഷേധ സമരം ബുദ്ധിമുട്ടാകുകയും ചെയ്തു.