തൃശൂർ: പെൺകുട്ടികൾക്ക് പ്രായം ആകുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയല്ല മറിച്ച് വിദ്യാഭ്യാസം അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പൂർത്തിയാക്കാനുള്ള സമയം അനുവദിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടതെന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ശ്രീധന്യാ സുരേഷ് അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിൽ മികച്ച വിജയം നേടിയ നാനൂറോളം വിദ്യാർത്ഥികളെയും വ്യത്യസ്ത മേഖലകളിൽ സംസ്ഥാനതലത്തിലും രാജ്യാന്തരതലത്തിലും വിജയം കൈവരിച്ച വ്യക്തികളെയും ആദരിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ശ്രീധന്യാ സുരേഷ്. വിദ്യാഭ്യാസത്തിന്റെ പ്രായപരിധി 18 ആയി നിശ്ചയിച്ച് പെൺകുട്ടികളെ വിവാഹ കമ്പോളത്തിലേക്ക് തള്ളിവിടുന്ന രീതിയോട് യോജിക്കാൻ കഴിയില്ലെന്ന് ശ്രീധന്യ പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു.
അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരി, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണൻ, ഡോ. സരിൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ പി.എ. ശേഖരൻ, എൻ.ആർ. സതീശൻ, എം.എ. രാമകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ്, മുൻ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ചുമ്മാർ, അഡ്വ. ടി.എസ്. മായാദാസ്, സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം തോമസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.