തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എട്ടുകോടി രൂപ ചെലവിൽ സജ്ജമാക്കിയ ഹൃദയശസ്ത്രക്രിയ യൂണിറ്റിൽ ആകെയുള്ളത് ഒരേയൊരു ശസ്ത്രക്രിയാ വിദഗ്ദ്ധൻ. ഒരുമാസം മുമ്പ് പ്രവർത്തനം തുടങ്ങിയ യൂണിറ്റിൽ ഇതുവരെ നടത്തിയത് എട്ടു ശസ്ത്രക്രിയകൾ. അതും ശ്വാസകോശ സംബന്ധമായ തൊറാസിക് ശസ്ത്രക്രിയകൾ. മുൻകൂട്ടി ബുക്ക് ചെയ്ത അഞ്ച് തൊറാസിക് ശസ്ത്രക്രിയകൾ കൂടി ഇനിയും ചെയ്യാനുണ്ട്. ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കണമെന്നുണ്ടെങ്കിലും ആവശ്യമായ നഴ്‌സുമാരില്ല. അറ്റൻഡർമാരില്ല. മുൻകൂട്ടി ബുക്ക് ചെയ്ത നാലുപേർ കാത്തിരിക്കുന്നതിനാൽ പരിമിതികൾ മറികടന്ന് ആഗസ്റ്റ് രണ്ടാം വാരം ബൈപാസ് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് യൂണിറ്റ്.
കോഴിക്കോട്, ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ശ്വാസകോശ രോഗമുള്ള ശസ്ത്രക്രിയ അനിവാര്യമായ കേസുകൾ പെട്ടെന്ന് വന്നതിനാലാണ് ആദ്യം തെറാസിക് ശസ്ത്രക്രിയകൾക്ക് തുടക്കമിട്ടത്. സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ നിന്ന് സൗജന്യമായി ചെയ്യുന്നത്. മദ്ധ്യകേരളത്തിൽ സർക്കാർ തലത്തിൽ ഹൃദയശസ്ത്രക്രിയാ യൂണിറ്റ് ഒരിടത്തും ഇല്ല. ഇതിനാൽ തൃശൂരിന് പുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലെ രോഗികൾക്കും പുതിയ യൂണിറ്റ് സഹായകമാകും.
10+4+4+1 ഉണ്ടെങ്കിൽ...!
ആഴ്ചയിൽ ഒരു ഹൃദയ ശസ്ത്രക്രിയ എന്ന ക്രമത്തിലായിരിക്കും തുടക്കം. അതിനുള്ള സൗകര്യമേയുള്ളു. ഒരു സർജനും രണ്ട് ശസ്ത്രക്രിയ ടേബിളുണ്ടായിട്ട് കാര്യമില്ലല്ലോ. സർജൻ ഒരാളേയുള്ളു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളായിരിക്കും നടത്തുക. ആൻജിയോപ്ലാസ്റ്ററി ചെയ്തുകൊണ്ടിരിക്കെ അടിയന്തരമായി ചെയ്യണമെന്ന് കണ്ടെത്തിയ രോഗിക്കും ബൈപാസ് ശസ്ത്രക്രിയ നടത്തും. പത്ത് നഴ്‌സുമാരും നാലു അറ്റൻഡർമാരും നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉണ്ടെങ്കിൽ ആഴ്ചയിൽ നാലു ശസ്ത്രക്രിയവരെ നടത്താം.
സൗജന്യ ചികിത്സ
ഇതുവരെ നടത്തിയ ശസ്ത്രക്രിയകൾ പൂർണമായും സൗജന്യമായിരുന്നു. സർക്കാരിന്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തിയവരായിരുന്നു രോഗികൾ. ചികിത്സാപദ്ധതികളിൽ ഉൾപ്പെടാത്ത രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കും. ഇവർക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ല.
പ്രശ്‌നം പഴയ ഫോർമൂല
ഹൃദയശസ്ത്രക്രിയ വിഭാഗം വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്തപ്പോൾ ആവശ്യപ്പെട്ട തസ്തികകളാണ് സർക്കാർ അനുവദിച്ചത്. പുതിയ സാഹചര്യത്തിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വേണം. കൂടുതൽ രോഗികൾക്ക് പ്രയോജനപ്പെടണമെങ്കിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തെ സ്വതന്ത്രവിഭാഗമായി മാറണം.
..............................................
ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ആഗസ്റ്റ് മാസത്തിൽ ഹൃദയം തുറന്നുള്ള ബൈ പാസ് ശസ്ത്രക്രിയ നടത്തും. ഡോ. കൊച്ചുകൃഷ്ണൻ (കാർഡിയാക് സർജൻ, തൃശൂർ മെഡിക്കൽ കോളേജ്)
ഹൃദയശസ്ത്രക്രിയ യൂണിറ്റിനായി
ചെലവാക്കിയത് 8 കോടി
ഇപ്പോഴുള്ളത്: നഴ്‌സ് 4, അറ്റൻഡർ 2, നഴ്‌സിംഗ് അസിസ്റ്റന്റ് 2.
വേണ്ടത് : നഴ്‌സ് 6, അറ്റൻഡർ 2, നഴ്‌സിംഗ് അസിസ്റ്റന്റ് 2, 1 അനസ്തേഷ്യസ്റ്റ്.