thakkol-dhanam
സേവനം യു.കെ. ഗുരു ധർമ്മ പ്രചരണ സഭ പെരിഞ്ഞനം മുമ്പുവീട്ടിൽ മനോജിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ശിവഗിരി മഠം മുൻ സെക്രട്ടറി സ്വാമി ഋതംബരാനന്ദ നിർവഹിക്കുന്നു

കയ്പ്പമംഗലം: പ്രളയം വരുമ്പോഴോ അപകടങ്ങൾ സംഭവിക്കുമ്പോഴോ മാത്രമല്ല മറ്റെല്ലാ സാഹചര്യങ്ങളിലും മലയാളികൾ സാഹോദര്യ മനോഭാവത്തോടെയുള്ള കൂട്ടായ്മ കാണിക്കണമെന്ന് സ്വാമി ഋതംബരാനന്ദ അഭിപ്രായപെട്ടു. യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവനം യു.കെ ഗുരു ധർമ്മ പ്രചരണ സഭ പെരിഞ്ഞനം മുമ്പുവീട്ടിൽ മനോജിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിക്കുകയായിരുന്നു ശിവഗിരി മഠം മുൻ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. ഗുരുദേവൻ പറഞ്ഞപോലെ എല്ലാ മത വിശ്വാസികളും എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ തന്നെ പ്രതിരൂപങ്ങളാണ്. ശ്രീനാരായണ ഗുരുവിന്റെ വാക്കുകളായ തന്റെയും അന്യന്റെയും ആത്മസുഖമെന്നത് പാരസ്പര്യത്തിൽ അധിഷ്ഠിതമാണെന്ന ഉദാത്ത ചിന്തയാണ് ഇത്തരം സേവനങ്ങൾക്ക് പിന്നിൽ. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. സേവനം യു.കെ ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ ആമുഖ പ്രഭാഷണം നടത്തി. ഗുരു ധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദബാബു, പഞ്ചായത്തംഗം റീജ ദേവദാസ്, ഇ.ആർ. കാർത്തികേയൻ മാസ്റ്റർ, കെ.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടിട്ടും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്തതുകൊണ്ടാണ് പെരിഞ്ഞനം മുമ്പുവീട്ടിൽ മനോജിന് വീട് നിർമ്മിച്ച് നൽകിയത്. 700 ഓളം സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു വീട് നിർമ്മാണം.