poringaldam
പൊരിങ്ങൽക്കുത്ത് ഡാമിന്‌റെ ഏഴ് ഷട്ടറുകളും തുറന്നനിലയിൽ

ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുകൊണ്ട് ജലവിതാനം ക്രമീകരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഏഴ് ഷട്ടറുകളും തുറന്നുവച്ചത്. ഷട്ടറുകളുടെ ഉയരമായ 419.4 മീറ്ററിൽ കൂടുതൽ വെള്ളം ഡാമിൽ നിൽക്കാതിരിക്കാനാണ് ഇത്തരത്തിൽ നടപടി കൈക്കൊണ്ടത്. കഴിഞ്ഞ പ്രളയത്തിൽ ഡാമിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകി വശങ്ങളിലുള്ള ധാരാളം മണ്ണ് ഒലിച്ചുപോയിരുന്നു. ഇതുമൂലം ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അധികമായി എത്തുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദനവും നടക്കുന്നുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. എന്നാൽ എവിടെയും വൊള്ളപ്പൊക്ക ഭീഷണിയില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടവും ഇപ്പോൾ ശക്തമാണ്. ധാരാളം വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തുന്നു. ഒരാഴ്ചയായി പെയ്യുന്ന മഴ ചാർപ്പ വെള്ളച്ചാട്ടത്തിനും പുനർജീവൻ നൽകി.