kadal-kshobam
ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന കളക്ടർ എസ്. ഷാനവാസ്‌

ചാവക്കാട്: കടപ്പുറം മുനക്കക്കടവിൽ കടൽവെള്ളം കയറുന്നത് ഒഴുകിപോകുവാൻ പുഴയിലേക്ക് കൽവർട്ടോടു കൂടിയ കാന നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടൽ വെള്ളം കയറിയ മേഖലയിൽ ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. നേരത്തെ കടപ്പുറം വെളിച്ചെണ്ണപടിയിൽ കാന സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. സെൻട്രൽ മദ്രസക്ക് അടുത്ത് റോഡിൽ കൽവർട്ട് നിർമിച്ചു ചേറ്റുവ പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാൻ കാന നിർമ്മിക്കാൻ പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. കടൽക്ഷോഭം തടുക്കാൻ താത്കാലികമായി ജിയോ ബാഗുകളിൽ മണ്ണ് നിറച്ച് സ്ഥാപിക്കാനും തീരുമാനിച്ചു. കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ ഉടനെ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും കളക്ടർ പറഞ്ഞു. മണൽ പ്രൊട്ടക്ഷൻ വകുപ്പിലുള്ള 5 കോടി രൂപ കളക്ടറുടെ അക്കൗണ്ടിൽ ഉണ്ടെന്നും കടൽ തീരത്തെ മണ്ണ് സംരക്ഷിക്കാൻ നിയമപരമായി കഴിയുമെങ്കിൽ ആ തുക പഞ്ചായത്തിലെ മുഴുവൻ ഭാഗവും സംരക്ഷിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ, മെമ്പർമാരായ വി.എം. മനാഫ്, പി.എ. അഷ്‌കർ അലി, പി.വി. ഉമ്മർകുഞ്ഞി, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.കെ. ഷാജി, സുജയ, വില്ലേജ് ഓഫീസർ കെ.എൻ. മനോജ്, ആർ.കെ. ഇസ്മായിൽ, പി.എ. സിദ്ദി, പി.എസ്. അബുബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.