തൃശൂർ: വടക്കെ അമേരിക്കയിലെ വെസ്റ്റ് വെർജീനിയയിൽ അന്താരാഷ്ട്ര സ്‌കൗട്ട് പ്രസ്ഥാനങ്ങളുടെ ലോക ജാംബോരിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധികളിൽ തൃശൂർ ജില്ലക്കാരനും. വെള്ളാനിക്കര കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന സ്‌കൗട്ട് ഗ്രൂപ്പിലെ അംഗവും തൃശൂർ കാൾഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഗ്നിമിത്രൻ എസ്. മേനോനാണ് പങ്കെടുക്കുന്നത്.
സ്‌കൗട്ട് സംസ്ഥാന കമ്മിഷണർ പ്രൊഫ. ഇ.യു. രാജൻ, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ സി.ഐ. തോമസ്, ഗ്രൂപ്പ് ക്യാപ്ടൻ എന്നിവരുടെ ശിക്ഷണത്തിലാണ് അഗ്നിമിത്രൻ അമേരിക്കയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. മലപ്പുറം ചേകന്നൂർ ഹുസൈന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നുള്ള സംഘം പുറപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ള ലോകരാഷ്ട്ര നേതാക്കൾ സംബന്ധിക്കും. 169 രാഷ്ട്രങ്ങളിൽ നിന്നായി 45000 പേർ പങ്കെടുക്കും. ഇന്ന് മുംബയിൽ നിന്ന് അമേരിക്കയിലേക്ക് സംഘം യാത്രതിരിക്കും.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏക സ്‌കൗട്ട് പ്രതിനിധിയാണ് അഗ്നിമിത്രൻ. തൃശൂർ കുടുംബ കോടതി ഉദ്യോഗസ്ഥനായ വെള്ളാനിക്കര ആമലത്ത് സമീരണന്റെയും ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ഉദ്യോഗസ്ഥയായ പത്മപ്രിയയുടെയും മകനാണ്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.