കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ മാടവന ആശ്രയ കേന്ദ്രത്തിന് സമീപം നിർദ്ധന കുടുംബത്തിന് വീട് തകർന്നു. ഈട്ടുമ്മൽ ശ്യാമളയുടെ വീടാണ് കഴിഞ്ഞ രാത്രിയിൽ തകർന്നു വീണത്. രോഗിയായ ശ്യാമളയും, കൂലിപ്പണിയിലൂടെ കുടുംബം പോറ്റി വരുന്ന മകനും താമസിക്കുന്ന ഓടുമേഞ്ഞ വീടാണ് തകർന്ന് വീണത്. നിർദ്ധനർക്ക് വീടു നിർമ്മിച്ചു നൽകാൻ വിവിധ പദ്ധതികളുണ്ടെങ്കിലും ഓട് മേഞ്ഞ വീടുള്ളവരെ പരിഗണിക്കരുതെന്ന നിർദ്ദേശം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ ഒരു പരിരക്ഷയും ലഭിക്കാതെ പോയ ഒരു കുടുംബമാണ് ഇത്.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര പൂർണ്ണമായും നിലംപതിച്ചു. വീട് തകരുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിനാൽ അമ്മയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിടപ്പാടം തകർന്നു വീണതോടെ തീർത്തും ദൈന്യമായ അവസ്ഥയിലാണീ കുടുംബം.