തൃശൂർ : നമ്പൂതിരി സമുദായത്തിലെ മാറ്റത്തിന് തുടക്കമിട്ട, ചരിത്രമുറങ്ങുന്ന പ്രേംജിയുടെ വീട് മരം വീണ് തകർന്നു. ഇന്നലെ പുലർച്ചെയാണ് വീട്ടുപറമ്പിലെ കൂറ്റൻ മാവ് വീടിന് മുകളിലേക്ക് വീണത്. പ്രേംജിയുടെ ഭാര്യ ആര്യ അന്തർജനവും മകൻ പ്രേമചന്ദ്രന്റെ ഭാര്യയുമായിരുന്നു അടുത്തകാലം വരെ ഇവിടെ താമസിച്ചിരുന്നത്. ആര്യയുടെ മരണശേഷം ഇവർ ഇവിടെ നിന്നും മാറി. ഇപ്പോൾ ഇതര സംസ്ഥാനക്കാർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപത്താണ് ഈ ചരിത്രവീട്. പതിനേഴാം വയസിൽ വിധവയാകേണ്ടിവന്ന ആര്യ അന്തർജനത്തെ പ്രേംജി പുനർവിവാഹം ചെയ്ത ശേഷം തൃശൂരിൽ മംഗളോദയത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു പൂങ്കുന്നത്തെ വീടും സ്ഥലവും വാങ്ങിയത്.
എഴുത്തുകാരുടെ സംഗമവേദിയായും, കമ്മ്യൂണിസ്റ്റുകാരുടെ ഒളിവ് കേന്ദ്രമായുമെല്ലാം വീട് മാറി. പ്രമുഖ എഴുത്തുകാരും ആദ്യകാല കമ്മ്യൂണിസ്റ്റുകളുമെല്ലാം കുടുംബാംഗങ്ങളെ പോലെയായിരുന്നു. മദ്ധ്യകേരളത്തിൽ ചെറുകാടിന്റെ 'നമ്മൾ ഒന്ന്' എന്ന നാടകം എഴുതി അവതരിപ്പിച്ചത് ഇവിടെയിരുന്നായിരുന്നു. സി. അച്ചുതമേനോൻ അടക്കമുള്ളവർ ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നു. ഒരു കാലത്തിന്റെ ചരിത്രമാണ് പ്രേംജിയുടെ വീട്. വീട് പുതുക്കി പണിയാൻ ആലോചിച്ചിരുന്നുവെങ്കിലും അത് പിന്നീട് വേണ്ടെന്ന് വച്ചു. പ്രേംജിയുടെ സ്മാരകമായി സാംസ്‌കാരിക ഇടമായി ഇത് സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്ന് പ്രേംജിയുടെ മകൻ നീലൻ പറഞ്ഞു.