കയ്പ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ സീറ്റിലേക്ക് മാത്രമായിരുന്നു മത്സരം. കെ.എൻ. അജയൻ, ടി.എൽ ഗോപിനാഥൻ , ജയശ്രീ ഹരിദാസ്, കെ. ബാബു, ഷീജ സജീവൻ, കെ.ജി. സജീവ്, പി.എസ്. സുഗതൻ, ഡോ. എൻ.ആർ. ഹർഷകുമാർ എന്നിവർ രണ്ടായിരത്തിലേറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജനറൽ സീറ്റിൽ എട്ട് സ്ഥാനത്തേക്ക് യു.ഡി.എഫ് ഒരു സ്ഥാനാർത്ഥിയെ മാത്രമാണ് നിറുത്തിയത്. മത്സരിച്ച ഹിദായത്തുള്ള വി.കെ. വാച്ചേരി 427 വോട്ടുകൾക്ക് പരാജയമേറ്റുവാങ്ങി. എൻ.കെ. അബ്ദുൾ നാസർ, എ.കെ. ശ്യാമള, ഷീബ മുരളി, ഗിരിജ രവീന്ദ്രനാഥ്, കെ.കെ. സജീഷ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപെട്ടിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് പെരിഞ്ഞനം സെന്ററിൽ പ്രകടനം നടത്തി. ടി.കെ. രമേഷ് ബാബു, ടി.കെ. രാജു, കെ.എസ്. മജീദ് എന്നിവർ നേതൃത്വം നൽകി. ഒരാളെ മാത്രം മത്സരിപ്പിച്ച് അനാവശ്യ തിരഞ്ഞെടുപ്പു ചെലവ് വരുത്തിയ സ്ഥാനാർത്ഥിക്കും ചില നേതാക്കൾക്കുമെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.