കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ വീണ്ടും സ്ഥലം എടുക്കാനുള്ള നീക്കത്തിനെതിരെ ആക്‌ഷൻ കൗൺസിൽ സജീവമാകുന്നു, ജനദ്രോഹകരമായ ഈ നീക്കത്തിൽ നിന്നും ദേശീയ പാത അധികൃതരെ വിലക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പുറം ബൈപാസ് ആക്‌ഷൻ കൗൺസിൽ കേന്ദ്ര മന്ത്രി വി. മുരളീധരന് നിവേദനം നൽകി. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിയെ കണ്ടത്.

നിലവിലെ ബൈപ്പാസിൽ എല്ലാ ഭാഗത്തും 45 മീറ്റർ വീതിയിലാണ് സ്ഥലം എടുത്തിട്ടുള്ളത്. നിലവിൽ 45 മീറ്ററിൽ ഉള്ള ബൈപാസിൽ ഇനിയും 35 ഓളം മീറ്റർ സ്ഥലമേറ്റെടുക്കാനാണ് പദ്ധതി. ഇത് പ്രകാരം ടി.കെ.എസ് പുരം കിഴക്ക് ഭാഗത്തുള്ള നിരവധി സർവേ നമ്പറിലുള്ള പുതിയതും പഴയതുമായ വീടുകളും വ്യാപാരസ്ഥാനങ്ങളും പുതിയ സ്ഥലമെടുപ്പ് ഉത്തരവ് പ്രകാരം ഒഴിഞ്ഞ് കൊടുക്കേണ്ടിവരും. ഇതിനെതിരെയാണ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആലുവ പാലസിൽ എത്തി കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം സമർപ്പിച്ചത്. ബി.ജെ.പി നേതാക്കളായ കെ.എസ് ശിവറാമിന്റെയും കെ.ജി. ശശിധരന്റെയും നേതൃത്വത്തിലാണ് ബൈപാസിന് സമീപം താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ ആക്‌ഷൻ ഭാരവാഹികളുൾപ്പെട്ട നിവേദകസംഘം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്.