തൃശൂർ: കനത്തമഴയിൽ മരം വീണും വീടുകളിൽ വെളളം കയറിയും കൃഷി നശിച്ചും ജില്ലയിൽ വ്യാപക നാശനഷ്ടം. മണ്ണുത്തി-വടക്കഞ്ചേരി പാതയിലും കുതിരാൻ തുരങ്കമേഖലയിലും മഴയിൽ ഗതാഗതക്കുരുക്ക് മുറുകി. നഗരത്തിൽ ശക്തൻ നഗർ അടക്കമുളള ഇടങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി. റോഡുകൾ തകർന്നതും വെളളക്കെട്ടുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. അമല-കുറ്റൂർ റോഡ്, കുറ്റൂർ-ചാമക്കാട് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കുറ്റൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. തൃശൂർ- കുന്നംകുളം പാതയിൽ പുഴയ്ക്കലും മുതുവറയിലും രാവിലെയും വൈകിട്ടും നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിക്കിടന്നു. ചൂരക്കാട്ടുകര-കുറ്റൂർ വഴി തൃശൂരിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാലവർഷം ശക്തമായത്. ഇതോടെ, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി.
തീരദേശത്ത്
തീരമേഖലയിൽ ശക്തമായ തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരദേശ മേഖലയിൽ വെള്ളം കയറിയതിനെ തുടർന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
ദേശീയപാതയിൽ
കഴിഞ്ഞ ദിവസം, മൂന്ന് വാഹനങ്ങൾ കുതിരാൻ ക്ഷേത്രത്തിന് സമീപം റോഡിൽ കേടായി നിന്നതിനെത്തുടർന്ന് ഏഴുമണിക്കൂർ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വെളളക്കെട്ടും റോഡിലെ കുഴികളുമാണ് ഗതാഗതതടസം കൂട്ടുന്നത്. കുഴിയിൽ വീണ് ലോറികൾ കേടാകുന്നതോടെ ഹൈവേ പൊലീസിനു പോലും സ്ഥലത്ത് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയാണ്.