എരുമപ്പെട്ടി: നെല്ലുവായ് ശ്രീ ധന്വന്തരീ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ആയുർവേദ ഗവേഷണ കേന്ദ്രമാക്കി ഉയർത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി.
ധന്വന്തരീ ക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിച്ച് വരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ആയുർവേദ ആശുപത്രി വിപുലീകരിച്ച് കേന്ദ്രം സ്ഥാപിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡും ഉപദേശക സമിതിയും ചേർന്നാണ് പദ്ധതി തയ്യാറാക്കുക. നിലവിൽ ഒ.പി. ചികിത്സാ സംവിധാനം മാത്രമുള്ള ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ നടപ്പിലാക്കും. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരീ മൂർത്തിയെ ദർശിച്ച് അനുഗ്രഹം നേടാനും, രോഗശാന്തിക്കുമായി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പേരാണ് ക്ഷേത്രത്തിൽ എത്താറ്. പഠനം പൂർത്തിയാക്കിയ ആയുർവേദ ഡോക്ടർമാർ ക്ഷേത്രത്തിൽ ഭജനയിരിക്കാൻ എത്തുന്നതും സാധാരണമാണ്. ഇത് കണക്കിലെടുത്താണ് ആയുർവേദ ഗവേഷണ കേന്ദ്രമെന്ന ആശയം നടപ്പിലാക്കാൻ യോഗത്തിൽ ധാരണയായത്. നാട്ടുമരുന്നുകൾ ഉൾപ്പെടെയുള്ള ആയുർവ്വേദ മരുന്നുകളുടെ ഉദ്യാനം ഒരുക്കാനും പദ്ധതിയുണ്ട്. ദേവസ്വം ബോർഡിന് പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ നേടിയെടുത്തും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കിയുമാണ് പദ്ധതി നടപ്പിലാക്കുക. ബോർഡ് മെമ്പർമാരായ പ്രൊഫ. സി.എം മധു, എ.കെ. ശിവരാജൻ, ദേവസ്വം സെക്രട്ടറി വി.എ. ഷീജ, അസിസ്റ്റന്റ് കമ്മിഷണർ പി. ബിന്ദു, ആശുപത്രി ചെയർമാൻ പി.സി. അബാൽ മണി, ഉപദേശക സമിതി അംഗങ്ങളായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ കുട്ടി, ദേവസ്വം ഓഫീസർ എ.പി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. അരുൺ കൈമൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പുതിയ സംവിധാനങ്ങൾ ഇവ


പഞ്ചകർമ്മ ചികിത്സ
അഷ്ട വൈദ്യ പാരമ്പര്യ ചികിത്സ
ഉഴിച്ചിൽ ഉൾപ്പെടെയുള്ള കളരി ചികിത്സ
ജീവിത ശൈലി രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സ
ആരോഗ്യ സംരക്ഷണത്തിനായി കളരി, യോഗ പരിശീലനം
മരുന്ന് നിർമ്മാണശാല
വിതരണശാല
പ്രകൃതിയോടിണങ്ങിയ മാനസിക ചികിത്സാ കേന്ദ്രം