വടക്കേക്കാട്: പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് ജീവനക്കാർ ഇറങ്ങിയോടിയ റേഷൻകടയിൽ 98 ചാക്ക് അരിയുടെ കുറവ്. പരിശോധനയുമായി ഉദ്യോഗസ്ഥർ വീണ്ടുമെത്തിയതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. പരിശോധനയിൽ 26 ചാക്ക് പച്ചരി, 72 ചാക്ക് പുഴുക്കലരി, മൂന്ന് ചാക്ക് ഗോതമ്പ്, 44 കിലോ പഞ്ചസാര, 128 ലിറ്റർ മണ്ണെണ്ണ എന്നിവയുടെ കുറവാണ് കണ്ടെത്തിയത്.
പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ ജീവനക്കാർ ഇറങ്ങിയോടിയ വാർത്ത കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. വടക്കേക്കാട് കല്ലിങ്ങലിൽ പ്രവർത്തിച്ചിരുന്ന എ.ആർ.ഡി 194, 196 ാം കടയുടമ സുഹ്‌റയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. തൃശൂർ ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശ പ്രകാരം റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.പി പ്രദീപൻ, സി.കെ ഗിരിജ, ശ്രുതി എന്നിവരാണ് പരിശോധിച്ചത്.
മാസങ്ങൾക്ക് മുമ്പ് എ.ആർ.ഡി 194ാം നമ്പറായി പ്രവർത്തിച്ചിരുന്ന സൈനബ എന്നിവരുടെ പേരിലുള്ള റേഷൻ കട കൃത്രിമമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 196ാം നമ്പർ റേഷൻ കടയിലേക്ക് അറ്റാച്ച് ചെയ്തിരുന്നു. ഇതിനിടയിൽ നിരവധി തവണ ഉപഭോക്താക്കൾ ഇവിടത്തെ ക്രമക്കേടുകളെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നു. നൂറിലധികം വരുന്ന ഉപഭോക്താക്കൾക്ക് ഈ മാസം വിതരണം ചെയ്യേണ്ട അര ലിറ്റർ വീതം മണ്ണെണ്ണ റേഷൻ കാർഡുകളിൽ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പണം നൽകിക്കഴിഞ്ഞ ശേഷം അടുത്ത ദിവസം മണ്ണെണ്ണ നൽകാമെന്ന് പറഞ്ഞ് മടക്കുകയാണ് പതിവെന്ന് പറയുന്നു. ശനിയാഴ്ച പരിശോധനയ്‌ക്കെത്തിയ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞ ദിവസം അടച്ചിട്ട റേഷൻ കട കണ്ട് തിരിച്ചുപോകേണ്ടി വന്നെങ്കിലും, ഇന്നലെ റേഷൻ കട ജീവനക്കാർക്ക് പിടിച്ചുനിൽക്കാനായില്ല. റേഷൻ കടയ്ക്കുള്ളിൽ തന്നെയുള്ള ഗോഡൗണിൽ 156 ചാക്ക് അരിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കാൻ നോക്കിയെങ്കിലും ഇവ പരിശോധിച്ച് ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തി. റേഷൻ കട പൂട്ടി താക്കോലുമായാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇത്രയും ധാന്യങ്ങൾ കുറവു കണ്ടെത്തിയതിനാൽ ലൈസൻസിയുടെ പേരിൽ നിയമ നടപടിയുണ്ടാകുമെന്നും, മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചാവക്കാട് താലൂക്കിലെ മറ്റ് ചില കടകളിലും ക്രമക്കേടുള്ളതായി ആരോപണമുണ്ട്.
കണ്ടെത്തിയ മറ്റ് ക്രമക്കേടുകൾ
റേഷൻ കടയുടെ ബോർഡ് പ്രദർശിപ്പിച്ചില്ല
സ്റ്റോക്ക് നിലവാരം, പരാതി പുസ്തകം എന്നിവ പ്രദർശിപ്പിച്ചില്ല
കാർഡിൽ രേഖപ്പെടുത്തിയ ശേഷം ഉപഭോക്താക്കൾക്ക് റേഷൻ വിഹിതം നൽകിയില്ല