തൃശൂർ: പത്തിലക്കറി കഴിച്ചിട്ടുണ്ടോ? മരുന്നുണ്ട കണ്ടിട്ടുണ്ടോ?. മരുന്ന് കഞ്ഞി കുടിച്ചിട്ടുണ്ടോ..? തൃശൂർ കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച അമൃതം കർക്കടകം ഫെസ്റ്റിലെത്തിയാൽ ഇവയെല്ലാം കാണാം, കഴിക്കാം. ചോദ്യങ്ങൾക്കെല്ലാം ഉണ്ട് എന്ന ഉത്തരം നൽകി മടങ്ങുകയും ചെയ്യാം. മുൻവർഷങ്ങളിലേത് പോലെ ഇക്കുറിയും ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിന് പുറമെ ചെമ്പുക്കാവ് അഗ്രോ ഹൈപ്പർ ബസാർ, ഗവ. മെഡിക്കൽ കോളേജ് കാന്റീൻ തുടങ്ങി ജില്ലയിലെ 42ഓളം കേന്ദ്രങ്ങളിൽ 24വരെ കർക്കടക ഫെസ്റ്റ് നീണ്ടു നിൽക്കും. വിവിധ തരം കഞ്ഞികൾ, പായസങ്ങൾ എന്നിവയും ഫെസ്റ്റിലുണ്ട്.
പത്തിലയിൽ ദഹനക്കേടകറ്റാം
കർക്കടകത്തിലെ മരുന്നുകഞ്ഞിക്കൊപ്പം പത്തിലത്തോരനും കഴിക്കണമെന്ന് പഴമക്കാർ പറയും. താള്, തകര, മത്തൻ, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകൾ. ജീരകം, കരിംജീരകം, മഞ്ഞൾ, ചതകുപ്പ, ഉലുവ, കടുക്, കുരുമുളക്, വെളുത്തുള്ളി, തക്കോലം, അയമോദകം, നവര അരി എന്നിവ ചേർത്താണ് മരുന്നു കഞ്ഞിയുണ്ടാക്കുന്നത്. ഈ കൂട്ടുകളെല്ലാം ഇടിച്ച് പൊടിച്ചെടുത്ത നീര് വെന്ത നവരക്കഞ്ഞിയിൽ ചേർക്കും. പിന്നീട് തേങ്ങാപ്പാലും ഒഴിച്ച് ഇന്തുപ്പിട്ട് ഇറക്കിവയ്ക്കും.
കഞ്ഞികൾ
പാൽക്കഞ്ഞി, മരുന്നുകഞ്ഞി, ജീരകക്കഞ്ഞി, ഉലുവക്കഞ്ഞി ഇവയിൽ ഓരോന്നിലും മരുന്ന് കൂട്ടുണ്ട്. കർക്കടക മാസത്തിൽ ഏഴ് ദിവസം തുടർച്ചയായി ഔഷധക്കഞ്ഞി കുടിക്കണമെന്നാണ് വയ്പ്പ്.
പായസമുണ്ട്
ഭക്ഷ്യമേളയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള പായസമാണ് തയ്യാറാക്കുന്നത്. നവര അരിപ്പായസം, മുളയരിപ്പായസം, മത്തൻ പായസം എന്നിങ്ങനെയാണ് പായസങ്ങൾ. തൃശൂരിന്റെ വിവിധ ഭാഗങ്ങൾ, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മുളയരിയാണ് പായസത്തിന് ഉപയോഗിക്കുന്നത്. ചെത്തി വൃത്തിയാക്കിയെടുത്ത മത്തൻ വഴറ്റിയാണ് മത്തൻപായസം ഉണ്ടാക്കുന്നത്.
ഇലക്കറികളുടെ രഹസ്യം
ആന്റി ഓക്‌സിഡന്റ്‌സുകൾ , ധാതുലവണങ്ങൾ , വിറ്റാമിനുകൾ, പ്രോട്ടീനുകൾ, നാരുകൾ എന്നിവയുടെ കലവറയായ ഇലക്കറികൾ ശരീരം ദുർബലമായിരിക്കുന്ന കർക്കടക മാസത്തിൽ കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇലക്കറികൾ കഴിക്കുന്നത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നത് വഴി ദഹനപ്രകിയ സമ്പൂർണമായും മെച്ചപ്പെടുത്തും. അതുവഴി ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശം നീക്കം ചെയ്യാനും സാധിക്കും.
പഴമക്കാർക്ക് അറിയാമായിരുന്നു
ഇന്ന് കർക്കടകം പഞ്ഞമാസമല്ലെങ്കിലും രോഗത്തിനും കാലാവസ്ഥയ്ക്കും മാറ്റമില്ല. കർക്കടകത്തിന്റെ ദോഷങ്ങളും ദുരിതങ്ങളും അകറ്റാൻ പഴമക്കാർ ചില കരുതലുകളെടുത്തിരുന്നു. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിച്ചും വിഷമതകളകറ്റാനാണ് അവർ ശ്രമിച്ചത്. ഫെസ്റ്റിലൂടെ കുടുംബശ്രീയും കഫേയും ലക്ഷ്യമിടുന്നത് അതാണ്
മധു (കോഓർഡിനേറ്റർ, കഫേ കുടുംബശ്രീ)