ഇരിങ്ങാലക്കുട : നിയമ വിധേയമായ രാജ്യാന്തര അവയവ ദാനത്തിലൂടെ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ അഭിപ്രായപ്പെട്ടു. വാഹനാപകടത്തിൽ മരണപ്പെട്ട ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി നന്ദി പ്രകാശനത്തിനായി കസാക്കിസ്ഥാനിലെ അസാനയിൽ നിന്നും ദിൽനാസ് എസ്സാൻ ഇരിങ്ങാലക്കുടയിൽ എത്തിയവേളയിൽ ആദിത്ത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫാ. ഡേവീസ് ചിറമ്മൽ. അവയവദാനം നടത്തുന്ന നിസ്വാർത്ഥമതികൾക്ക് സമൂഹം മതിയായ പരിഗണന നൽകണം. മനുഷ്യനും മനുഷ്യനും തമ്മിലും രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുത കുറയ്ക്കാൻ അവയവദാനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കസാക്കിസ്ഥാനിലെ അസാനയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിൽനാസിന് കാർഡിയാക് മയോപ്പതി എന്ന അസുഖം ബാധിച്ചത്. 60 ദിവസമായി യോജിച്ച ഹൃദയം ലഭിക്കുന്നതിനായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട ചേലൂർ കല്ലൂക്കാരൻ വീട്ടിൽ പോൾസന്റെയും ഷിൻസിയുടേയും മകനായ ആദിത്ത് വാഹന അപകടത്തിലാണ് ആശുപത്രിയിൽ എത്തിയത്. ജീവൻ തിരിച്ച് കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പോൾസണും, ഷിൻസിയും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. ആറ് പേർക്കാണ് ആദിത്ത് പുനർ ജീവൻ നൽകിയത്. അതിൽ ഹൃദയം കൈമാറിയത് ചെന്നൈ മലർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കസാക്കിസ്ഥാൻകാരി ദിൽനാസ് എന്ന വിദ്യാർത്ഥിക്കായിരുന്നു. ആദിത്തിന്റെ വീടും, കല്ലറയും സന്ദർശിക്കാനാണ് ദിൽനാസും അമ്മ അനാറയും പരിഭാഷകൻ പ്രണവും മലർ ആശുപത്രിയിലെ പി.ആർ.ഒ സതീഷുമൊത്ത് ഇരിങ്ങാലക്കുടയിൽ എത്തിയത്. ആദിത്തിന്റെ സ്മരണാർത്ഥം ചേലൂർ സ്‌കൂളിലെ 30 വിദ്യാർത്ഥികൾക്കായി ചാവറ ഫാമിലിഫോറം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ വിതരണത്തിലും ദിൽനാസ് പങ്കെടുത്തു.