ചാലക്കുടി: പോട്ട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രിയദർശനം ഫിനാൻസ് എന്ന പേരിലുള്ള സ്ഥാപനം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിട്ടിയുടേയും നിക്ഷേപത്തിന്റേയും പേരിൽ നൂറുകണക്കിന് ഇടപാടുകാരെ വഞ്ചിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
കോടികളുടെ തട്ടിപ്പ് നടത്തിയ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കാമെന്നിരിക്കെ അതിന് മുതിരാതെ ഉടമയെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കുറിയുടമ ഇപ്പോഴും പോട്ടയിൽ വിലസി നടക്കുകയാണ്. പരാതി നൽകിയിട്ടും കുറ്റാരോപിതനെ സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പോലും പൊലീസ് തയ്യാറുകുന്നില്ല. ഭാരവാഹികൾ പറഞ്ഞു.
ആയിരം രൂപയുടെ മാസക്കുറി 13തവണ അടച്ച് രണ്ട് വർഷം കഴിയുമ്പോൾ ഇരുപതിനായിരം രൂപയായി തിരികെ നൽകുമെന്ന ഓഫർ നൽകി നൂറുകണക്കിന് പേരെയാണ് ഇതിൽ ചേർത്തിട്ടുള്ളത്. കുറി വട്ടമെത്തിയിട്ടും പണം നൽകാതായതിനെ തുടർന്ന് ഉടമയുടെ പോട്ടയിലുള്ള വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കൈമലർത്തുകയായിരുന്നു. പലരേയും ഭീഷണി മുഴക്കി തിരിച്ച് വിടുകയും ചെയ്തു. ചാലക്കുടിയിലും പോട്ടയിലും രണ്ട് സ്ഥാപനങ്ങളിലായാണ് കുറി നടത്തിയിരുന്നത്. ഇവ രണ്ടും ഒരു വർഷം മുമ്പ് അടച്ചുപൂട്ടുകയും ചെയ്തെന്ന് അവർ ചൂണ്ടിക്കാട്ടി.
സ്ഥാപന ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ടും പൊലീസിന്റെ നിസഹകരണത്തിൽ പ്രതിഷേധിച്ചും ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ സമരം നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ടി.ആർ. പ്രദീപ്, പി.എസ്. സന്തോഷ്, പി.ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.