ചാലക്കുടി: കാലവർഷം ശക്തമായതിനെ തുടർന്ന് ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി. പലയിടത്തും പാടശേഖരങ്ങളിൽ വെള്ളമുയർന്നു. പരിയാരത്ത് കപ്പത്തോട്ടിൽ നിന്നും വെള്ളം കയറി കൃഷിയിടങ്ങൾ മുങ്ങി. ചാലക്കുടിപ്പുഴയിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായി ഒഴുക്കുമുണ്ട്.

ചാലക്കുടി സതേൺ കോളേജ് റോഡിലെ അടിപ്പാതയിൽ വെള്ളമുയർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് വാഹനഗതാഗതത്തിന് തടസ്സമായി വെള്ളക്കെട്ട് രൂപപ്പെട്ടത്. പുഴയിലെ ജലവിതാനം ഉയർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം പൈപ്പിലൂടെ പുഴയിലേക്ക് ഒഴുക്കി വിടുന്നതരത്തിലാണ് ഇവിടെ അടിപ്പാത സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ പുഴയിൽ വെള്ളം ഉയർന്നതോടെ അടിപ്പാതയിൽ നിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുകാതായി. മാത്രമല്ല പുഴയിൽ നിന്നുള്ള വെള്ളം അടിപാതയിലേക്ക് ഒഴുകിയെത്തുന്നുമുണ്ട്. നഗരത്തിലെ ഇടവഴികൾ പലതും വെള്ളത്തിനടിയിലായി.