ചാലക്കുടി: പുഴമ്പാലത്തിന് സമീപം റെയിൽ പളത്തിൽ മൂന്നാം വട്ടവും മണ്ണിടിഞ്ഞ ഭാഗത്തെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകും വരെ വടക്ക് ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗം കുറച്ചായിരിക്കും കടത്തിവിടുക. പുഴയോരത്ത് കെട്ടി നിറുത്തിയ ഭിത്തികൾ മൊത്തമായി പുഴയിലേക്ക് ഇടിഞ്ഞു വീണു. പടിഞ്ഞാറെ ഭാഗത്തെ ട്രാക്കാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ പ്രളയത്തിലായിരുന്നു ആദ്യമായി മുരിങ്ങൂർ ഭാഗത്ത് മണ്ണിടിഞ്ഞത്. പാലം തൊട്ടുരുമ്മി വെള്ളമൊഴുകിയപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണ ഭിത്തി തകർന്നു. മറുകരയിൽ ചാലക്കുടി ഭാഗത്തും ചെറിയ തോതിൽ മണ്ണിടിഞ്ഞു. മെറ്റൽച്ചാക്കുകൾ നിറച്ചും, ഇരുമ്പ് ബീമുകൾ കുത്തിനിറുത്തിയും മൂന്നാഴ്ചയോളം പ്രയത്‌നിച്ചാണ് അറ്റകുറ്റ പണി നടത്തിയത്. പിന്നീട് കഴിഞ്ഞ ജൂണിലും മണ്ണിടിഞ്ഞു. ഇതോടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയടക്കമുള്ള സംവിധാനം ഒരുക്കി. എന്നാൽ ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞത് അങ്കലാപ്പിലാക്കി. എറണാകുളം ഡിവിഷനിൽ നിന്നുള്ള വിഗദ്ധ സംഘമെത്തിയാണ് ഞായറാഴ്ച മുതൽ അറ്റകുറ്റ പണികൾ തുടങ്ങിയത്. മെറ്റൽ ചാക്കുകൾ നിറച്ച് ഓരം ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോഴും നടത്തുന്നത്. തുടർച്ചയായി പെയ്യുന്ന മഴയാണ് ഇപ്പോഴത്തെ മണ്ണിടിച്ചിലിന് കാരണം. മണ്ണു നിറച്ചാണ് കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടിയുയർത്തിയത്. മണ്ണിലൂടെ വൻതോതിൽ വെള്ളം താഴ്ന്നപ്പോൾ ഭിത്തി മൊത്തമായി പുഴയിലേക്ക് തള്ളിപ്പോയി.
നിർമ്മാണത്തിലെ അപാകതയോ ?
സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയാണ് ഇപ്പോഴത്തെ മണ്ണിടിച്ചിലിന് കാരണമെന്ന് പറയുന്നു. പ്രളയത്തിൽ സംഭവിച്ച മണ്ണിടിച്ചിലിനെ നേരിട്ടത് മെറ്റൽച്ചാക്കുകൾ നിറച്ചായിരുന്നു. ഇതോടൊപ്പം മണ്ണും കുത്തിയിറക്കി. ജൂൺ മാസത്തിലെ ചെറിയ മഴയിൽ രണ്ടാംവട്ടവും മണ്ണിടിഞ്ഞത് അധികൃതർ ഗൗരവത്തോടെയല്ല കണ്ടത്. ഇക്കാരണത്താലാണ് ഓരം ബലപ്പെടുത്തുന്നതിന് പിന്നെയും മെറ്റൽച്ചാക്കിനെയും മണ്ണിനെയും മാത്രം ആശ്രയിച്ചത്. കുറേ ഭാഗത്തെങ്കിലും കരിങ്കല്ല് കെട്ടി ഉറപ്പിക്കാത്തതാണ് തുടർച്ചയായുള്ള മണ്ണിടിച്ചിലിന് ഇടയാക്കുന്നതെന്ന് പറയുന്നു.